മാതൃത്വവും ത്യാഗവും വേറിട്ടു നില്‍ക്കുമോ? പ്രത്യേകിച്ച് സ്വന്തം മക്കള്‍ക്കായുള്ള ത്യാഗം. ലോകത്തോളം പഴക്കമുള്ള സംശയം ചര്‍ച്ചയ്‌ക്കെടുത്തത് ഫ്രഞ്ച് ചിത്രമായ സെന്റ്. ഒമറാണ്. കോടതി മുറികളില്‍ ഉയരുന്ന സംശയങ്ങളിലും വര്‍ണ വെറിയില്‍ ഉരുത്തിരിയുന്ന മുന്‍ വിധികളിലും മകള്‍ക്കായുള്ള ത്യാഗത്തിന്റെ ഇഴകള്‍ ചികഞ്ഞുള്ള പരിശോധനകള്‍ നടക്കുമ്പോഴും ലോറന്‍സ് കോളിയെന്ന അമ്മ താന്‍ ചെയ്തത് ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. താന്‍ ചെയ്യേണ്ടിയിരുന്നതും ഇതു തന്നെയാണെന്ന് ആരെയും ബോദ്ധ്യപ്പെടുത്താനാകുന്നില്ലെങ്കിലും സ്വയം വിശ്വസിക്കുന്നു. എന്നാല്‍ കുറ്റക്കാരിയെന്ന് മുദ്രയടിക്കാന്‍ വെമ്പുന്ന സമൂഹത്തിനു മുന്നില്‍ തല ഉയര്‍ത്തി പിടിക്കാന്‍ അവള്‍ക്ക് കഴിയാതെ വരുന്നു.
15 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കടല്‍ തീരത്ത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായതാണ്. കൊലപ്പെടുത്താന്‍ കഴിയാത്തത് കൊണ്ടു തന്നെയാണ് ഉപേഷിച്ചത്. മരണം ഉറപ്പാണെന്ന് അറിയമായിരുന്നു. എന്നാല്‍ നേരിട്ട് ചെയ്യാന്‍ കഴിയുമായിരുന്നില്ല. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാത്ത ന്യായാധിപന്മാരോട് അവള്‍ക്ക് പ്രതിഷേധമില്ല. അതുകൊണ്ടു തന്നെ പ്രതികരിക്കാനും തയ്യാറല്ല. സിനിമ ഒരമ്മയുടെ മാനസിക വ്യാപാരങ്ങളിലേയ്ക്ക് കടന്നു ചെന്ന് ശരി തെറ്റുകള്‍ തേടുകയാണ്.
തന്റെ പുതിയ നോവലിനുള്ള വിഷയത്തിന് കോടതിയിലെത്തുന്ന ഗര്‍ഭിണിയായ റാമയ്ക്ക് ലോറന്‍സ് കോളിയോട് അടങ്ങാത്ത പകയുണ്ട്. കുഞ്ഞിനെ കൊന്നവര്‍ക്ക് മാനുഷിക പരിഗണനകളൊന്നും നല്‍കരുതെന്നാണ് അവളുടെ പക്ഷം. എന്നാല്‍ കോടതിയിലെ വാദങ്ങളും കോളിയുടെ വിശദീകരണങ്ങളും റാമയെ സ്വാധീനിക്കുന്നു.
കോളിയോടുള്ള വെറുപ്പും വിദ്വേഷവും സഹതാപമായി മാറുന്നു. സഹതാപത്തില്‍ നിന്നുയരുന്ന സ്‌നേഹം അവളെ രക്ഷിക്കാനുള്ള ആഗ്രഹമായി മാറുന്നു. ഈ ഘട്ടത്തില്‍ സെന്റ് ഒമര്‍ കോടതിയിലെ രംഗങ്ങള്‍ മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയാണ്. സ്‌നേഹവും കരുതലും പകയും വിദ്വേഷവും സഹതാപവുമൊക്കെ സിനിമയെ എത്തിക്കുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത വൈകാരിക തലത്തിലേയ്ക്കാണ്.
ശരി തെറ്റുകള്‍ നിശ്ചയിക്കാനുള്ള അവകാശം പ്രേക്ഷകനു നല്‍കി സിനിമ അവസാനിക്കുമ്പോള്‍ ഒരിക്കല്‍ കൂടി അവര്‍ ഉറപ്പിക്കും മാതൃത്വവും ത്യാഗവും വേറിട്ട് കാണേണ്ടതല്ലെന്ന്. ത്യാഗത്തിന് പരിധിയോ സ്വഭാവമോ നിശ്ചയിക്കേണ്ടതില്ലെന്ന്. ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡിന് പരിഗണിക്കുന്ന കറുത്ത വര്‍ഗക്കാരിയായ സംവിധായികയായി മാറി ചരിത്രം സൃഷ്ടിക്കാന്‍ സെന്റ്. ഒമറിലൂടെ ആലിസ് ഡിയോപ്പിനു കഴിഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രതികരണം നേടാനും സെന്റ്. ഒമറിനു സാധിച്ചു.
രണ്ട് പ്രദര്‍ശനങ്ങള്‍ മാത്രമുള്ള സെന്റ് ഒമറിന്റെ അടുത്ത പ്രദര്‍ശനം 15ന് രാത്രി എട്ടരയ്ക്ക് കൈരളി തിയറ്ററിലാണ്.