ദോഹ: ആവേശം മുഴുവന്‍ നിറഞ്ഞു നിന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നെതര്‍ലാന്‍ഡിനെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് അര്‍ജന്റീന സെമി ഫൈനലില്‍. വാമോസ് അര്‍ജന്റീന വിളികള്‍ നിറഞ്ഞു നിന്ന ലൂസൈല്‍ സ്റ്റേഡയത്തിലെ ഗ്യാലറിയെ സാക്ഷ്യ നിര്‍ത്തി, ലോകമെമ്പാടുമുള്ള ആരാധകക്കൂട്ടത്തെ സാക്ഷി നിറുത്തിയുള്ള കരുത്തന്‍ പോരാട്ടത്തിനൊടുവില്‍ മെസിപ്പട ഡച്ച് പടയെ മുട്ടുകുത്തിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു വീതം ഗോളടിച്ച് സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ട് എന്ന അത്യന്തം ആവേശം നിറഞ്ഞ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. അവിടെ മിശിഹായെപോലും പിന്നാലാക്കി തന്റെ കൈക്കരുത്തില്‍ അതുപോലെ മെയ്ക്കരുത്തിലും എണ്ണമറ്റ രണ്ടു ഡച്ച് ഷൂട്ടൗട്ടുകളെ തടഞ്ഞ് എമിലിയാനോ മാര്‍ട്ടിനെസ് എന്ന ഗോളി ലൂസൈലിലെ ഗോള്‍മുഖത്ത് അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ലോകം മുഴുവനുമുള്ള ആല്‍ബി സെലസ്റ്റീയന്‍ ആരാധകരുടെ മനംനിറച്ച ആ രണ്ടു സേവുകളും ഖത്തര്‍ ലോകകപ്പിലെ അത്ഭുതമായി മാറി. വിജയം മാത്രം ലക്ഷ്യം കണ്ടിറങ്ങിയ ഡച്ച് പടയുടെ കണ്ണീര്‍ ലൂസൈല്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തു വീഴ്ത്തിയാണ് ലയണല്‍ മെസിയുടെ അര്‍ജന്റീനിയന്‍ പട സെമിയിലേക്ക് മുന്നേറിയത്.
നെതെര്‍ലന്‍ഡ്‌സിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തികൊണ്ടുള്ള അര്‍ജന്റീനയുടെ ഈ വിജയത്തോടെ, അവര്‍ സെമിയില്‍ ക്രോയെഷിയെ നേരിടും. ഷൂട്ടൗട്ടില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ അര്‍ജന്റീനയ്ക്കുവേണ്ടി ലക്ഷ്യം കണ്ടു. അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയത് ഒരു നിമിഷം ആരാധകരെ സ്തബ്ദരാക്കി. നെതര്‍ലന്‍ഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവര്‍ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ദെയ്ക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ് എന്നിവരെടുത്ത കിക്കുകള്‍ തടഞ്ഞ അര്‍ജന്റീനിയന്‍ ഗോളി മാര്‍ട്ടിനെസാണ് കളിയിലെ യഥാര്‍ത്ഥ ഹീറോ.
നിശ്ചിത സമയത്ത് അര്‍ജന്റീനയ്ക്കുവേണ്ടി നഹല്‍ മൊളീനയും നായകന്‍ ലയണല്‍ മെസിയും ലക്ഷ്യം കണ്ടപ്പോള്‍ നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗോര്‍സ്റ്റ് ഇരട്ട ഗോളുകള്‍ നേടി. അതില്‍ വെഗോര്‍സ്റ്റിന്റെ രണ്ടാം ഗോള്‍ അധിക സമയത്തിന്റെ അവസാന നിമിഷത്തിലാണ് പിറന്നത്. ഇതോടെ കളി എക്‌സട്രാ ടൈമിലേക്കു നീങ്ങി.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ഒരുപോലെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ ആദ്യ ഇരുപതു മിനിട്ട് കളിയുടെ ഗതി നിശ്ചയിക്കാന്‍ കഴിയാതെ വന്നു. 22-ാം മിനിറ്റില്‍ മെസി ഒരു ലോങ് ഷോട്ടിനു ശ്രമിച്ചെങ്കിലും ബോള്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നകന്നു. എന്നാല്‍ 35-ാം മിനിട്ടില്‍ മിശിഹായുടെ കാലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മെസി നല്‍കിയ ഒരു ക്ലാസിക്ക് പാസ മൊളീന ഗോള്‍ വലയ്ക്കകത്താക്കുകയായിരുന്നു. കടുത്ത പ്രതിരോധം തീര്‍ത്തു മുന്നേറിയ ഡച്ച് പടയെ നിഷ്പ്രയാസം വെട്ടിച്ച് പാസ് നല്‍കിയ മെസിക് പിഴച്ചില്ല, മൊളീന ആ പാസ് വാന്‍ ഡൈക്കിന്റെയും നൊപ്പര്‍ട്ടിന്റെയും പ്രതിരോധം മറികട
ന്ന് ഗോളാക്കി മാറ്റുകയായിരുന്നു. 45-ാം മിനിറ്റില്‍ ഗാക്‌പോയുടെ ഫ്രീകിക്ക് എമിലിയാനോ മാര്‍ട്ടിനെസ് കൈപ്പിടിയിലൊതുക്കിയതിനു പിന്നാലെ ആദ്യപകുതി അവസാനിച്ചു.
71-ാം മിനിട്ടില്‍ അക്യൂനയെ ബോക്‌സിനകത്തുവെച്ച് ഡച്ച് താരം ഡെഫ്രിസ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിക്കു തെറ്റിയില്ല ഡച്ച് ഗോളി നൊപ്പാര്‍ട്ടിനെ ഭേദിച്ച് ആ ഇടംകാല് ഷോട്ട് ഗോള്‍വലയുടെ ഇടതു വശത്ത് തട്ടിക്കയറി. ഈ ഗോളോടുകൂടി ലോകകപ്പില്‍ ഏറ്റവുമധികം ഗോളടിക്കുന്ന താരമെന്ന ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോഡിനൊപ്പം മെസിയെത്തി.
വിജയം ഉറപ്പിച്ചു മുന്നേറിയ അര്‍ജന്റീനയ്ക്ക കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട് ഡച്ചു പടയുടെ ആദ്യ പ്രഹരം 83-ാം മിനിട്ടില്‍ പിറന്നു. സ്റ്റീവന്‍ ബെര്‍ഗ്യൂസ് ഉയര്‍ത്തിവിട്ട തകര്‍പ്പന്‍ ക്രോസ് പകരക്കാരനായി എത്തിയ വൗട്ട് വെര്‍ഗ്‌ഹോസ്റ്റ് ഒരു ഉഗ്രന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റി. ഇതിനിടെ ആക്രമണങ്ങളും വാക്കു തര്‍ക്കങ്ങളും ഫൗളും ഈ മിനിട്ടുകളില്‍ മൈതാനത്ത് നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകളും ഉണ്ടായി.
അര്‍ജന്റീന ജയംമുറപ്പിച്ചു ആത്മവിശാസമായി മുന്നേറിയ ആ നിമിഷത്തില്‍ ഇതാ വരുന്ന ഡച്ചു പടയുടെ രണ്ടാം ഗോള്‍. ലൂസൈല്‍ സ്‌റ്റേഡിയത്തിലെ നീല വെള്ള കുപ്പായക്കാരുടെ നെഞ്ചിലേക്കടിച്ചുകയറ്റിയതു പോലൊരു ഗോള്‍. രണ്ടാം പകുതി അവസാനിച്ചു അധിക സമയത്തിമന്റെ അവസാന മിനിട്ടില്‍ നെതെര്‍ലാന്‍ഡിസിന് ലഭിച്ച ഫ്രീ കിക്ക് കൂപ്‌മെയ്‌നേഴ്‌സ് പ്രതിരോധ മതിലിനിടയിലേക്ക് നല്‍കി. പക്ഷെ പന്ത് വെഗ്‌ഹോസ്റ്റിന്റെ കാലുകളില്‍. പന്തു സ്വീകരിച്ച് വെഗ്‌ഹോസ്റ്റ് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി നെതര്‍ലന്‍ഡ്‌സിന്റെ സ്വപ്‌നങ്ങള്‍ക്കു കരുത്ത് പകര്‍ന്നു സമനില ഗോള്‍ നേടി. ഇതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് വഴിയൊരുങ്ങി.
എക്‌സ്‌ടോ ടൈമില്‍ ഇരുടീമുകളും ഗോളടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പോയി. ബ്രസീലില്‍ നടന്ന 2014 ലോകകപ്പ് സെമിയുടെ തനി പകര്‍പ്പായി ഇത്തവണത്തെ ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. അന്നും നെതര്‍ലാന്‍ഡിനെ ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന കീഴടക്കിയത്. ഡിസംബര്‍ 13ന് സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.