IFFK രണ്ടാം ദിനം; സിനിമയോട് അലിഞ്ഞുചേർന്ന് തലസ്ഥാന നഗരി

മേളയുടെ രണ്ടാം ദിനം കണ്‍ഫ്യൂഷനിലായത് പ്രതിനിധികളാണ്

ഏത് കാണും, ഏതാണ് ഒഴിവാക്കേണ്ടത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം കണ്‍ഫ്യൂഷനിലായത് പ്രതിനിധികളാണ്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മികച്ച ചിത്രങ്ങളുടെ ഒരു നിര തന്നെയായിരുന്നു ഇന്ന് പ്രദര്‍ശനത്തിനെത്തിയത്. നാല് മലയാള ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ആദിവാസി ഭൂപ്രശ്‌നം അടക്കമുള്ള സംഭവങ്ങളില്‍ പ്രതിഷേധിച്ച് പാലക്കാട് കലക്ടറെ ബന്ദിയാക്കിയ അയ്യങ്കാളിപ്പടയുടെ സമരത്തിന്റെ യാഥാര്‍ത്ഥ്യം പ്രമേയമാക്കിയ കെ.എം. കമലിന്റെ പട, കോവിഡ് കാലത്തെ ജീവിതം പ്രമേയമാക്കിയ പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, വ്യാജ ദൃശ്യങ്ങള്‍ ജീവിതം തകര്‍ക്കുന്ന പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിനായുള്ള പോരാട്ടം പറഞ്ഞ മഹേഷ് നാരായണന്റെ അറിയിപ്പ്, പ്രതാപ് പോത്തന് ആദരാജ്ഞലി അര്‍പ്പിച്ച് പ്രദര്‍ശിപ്പിച്ച വിനോദ് വി. നായരുടെ കാഫിര്‍ എന്നിവയായിരുന്നു മലയാള ചിത്രങ്ങള്‍.

താടിവച്ച മുസ്ലീങ്ങളെ തീവ്രവാദികളായി കാണുന്ന ഒരു വിഭാഗത്തിന്റെ മാനസിക അവസ്ഥ ചര്‍ച്ച ചെയ്യുന്ന കാഫിര്‍ നിരപരാധികളായ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളിലൂടെയാണ് മുന്നേറുന്നത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ചെല്ലോ ഷോ, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരുടെ പ്രശ്‌നങ്ങളും ജീവിത സാഹചര്യങ്ങളും ചര്‍ച്ചയാക്കിയ നന്ദിതാ ദാസിന്റെ സ്വിഗാട്ടോ, മഹാനായ ചലച്ചിത്രകാരന്‍ സത്യജിത്ത് റേയുടെ സിനിമാ ജീവിതം അവതരിപ്പിച്ച ബംഗ്ലാദേശ് ചിത്രം ഡിയര്‍ സത്യജിത്ത് തുടങ്ങിയ സിനിമകളും പ്രേക്ഷകപ്രീതി നേടി.

1988 ല്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ ദി ലാസ്റ്റ് ടെംടേഷന്‍ ഓഫ് ക്രൈസ്റ്റ് ഇന്നലെ പ്രദര്‍ശിപ്പിച്ചു. യേശു ദൈവ പുത്രനാണെന്ന് തിരിച്ചറിയുന്ന ദിവസത്തിന് ശേഷം അദ്ദേഹത്തിനുള്ളിലുണ്ടായ സംഘര്‍ഷങ്ങള്‍ സാധാരണക്കാരനെന്ന നിലയില്‍ സങ്കല്‍പ്പിച്ചാണ് സ്‌കോര്‍സെസെ വിലയിരുത്തുന്നത്. കുരിശില്‍ തറച്ച് ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിക്കുമ്പോള്‍ മഗ്ദലന മറിയവുമായുള്ള ജീവിതം സ്വപ്‌നം കാണുന്നുവെന്നും സിനിമ പറയുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ചത് ഈ ചിന്തകളായിരുന്നു. എന്നാല്‍ കാന്‍ അടക്കമുള്ള മേളകളില്‍ അംഗീകാരങ്ങള്‍ നേടുകയും ഓസ്‌കാര്‍ അവാര്‍ഡിന് പരിഗണിക്കുകയും ചെയ്ത ചിത്രത്തിനെതിരെ നിഷിപ്ത താല്‍പ്പര്യക്കാര്‍ ഇപ്പോഴും പ്രചാരണം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ആയിരിക്കണം പ്രേക്ഷക സാനിദ്ധ്യം ഉറപ്പിക്കാന്‍ ചിത്രത്തിനായത്.

പ്രിസന്‍ 77, ലോസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട്, ഹൗ ഈസ് കാത്യ, ഡാഡ് ഫോര്‍ എ ഡോളര്‍, സ്‌നോ ആന്‍ഡ് ദി ബിയര്‍, ദി ബ്രാ, ട്രയാംഗിള്‍ ഓഫ് സൈലന്‍സ്, ബേണിങ് ഡേയ്‌സ്, ദി കത്തീഡ്രല്‍,ബ്രോക്കര്‍ തുടങ്ങിയ ചിത്രങ്ങളും മികച്ച അഭിപ്രായം നേടി. പൊലീസുകാരന്റെ ആത്മ സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ വെന്‍ വേവ്‌സ് ആര്‍ ഗോണ്‍, ഭൂമി നഷ്ടപ്പെടുന്ന കുടുംബത്തിന്റെ പ്രതിസന്ധി പ്രമേയമാക്കി അല്‍ക്കാരിസ് തുടങ്ങിവയും മികച്ച പ്രതികരണം നേടിയിട്ടുണ്ട്.
മേളയുടെ സിനിമാ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍ ശ്രീ തിയറ്ററില്‍ ആരംഭിച്ചു. എല്ലാ ദിവസവും 2.30 നാണ് പരിപാടി.

ഇന്ന് പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ രണ്ടെണ്ണം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നവയാണ്. ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന 22 ചിത്രങ്ങളും ഏഷ്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കു്‌നന 7 ചിത്രങ്ങളും ഇന്നത്തെ പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ഒരു ചിത്രവും ഇന്ന് ഐഎഫ്എഫ്‌കെയില്‍ എത്തി.

Exit mobile version