മനുവിനെ കാണാൻ നിൽക്കാതെ രാഹുൽ യാത്രയായി

മനുവിനെ യാഥാര്‍ത്ഥ്യമാക്കിയ രാഹുല്‍ കോലി ഇന്നില്ല

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ കേരള രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഒരു വിയോഗത്തിന്റെ വേദനയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞത്. പാന്‍ നളിന്‍ സംവിധാനം ചെയ്ത ചെല്ലോ ഷോയിലെ കുട്ടിക്കൂട്ടത്തില്‍ നായകന്‍ സമയിനൊപ്പം സാഹസികതയ്ക്ക് ഒപ്പം നിന്നും കുസൃതികള്‍ ഒപ്പിച്ചും ആഘോഷമാക്കിയ കൂട്ടുകാരില്‍ ഒരാളായിരുന്നു മനു. സിനിമ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയാകുമ്പോഴും ചലച്ചിത്ര മേളകളില്‍ നിറഞ്ഞ കൈയടികള്‍ നേടുമ്പോഴും ഒപ്പം നിന്ന് അഭിമാനിക്കാന്‍ മനുവിനെ യാഥാര്‍ത്ഥ്യമാക്കിയ രാഹുല്‍ കോലി ഇന്നില്ല.

സിനിമ റിലീസാകുന്നതിന് രണ്ടാഴ്ച മുന്‍പ് വിടാതെ പിന്തുടര്‍ന്ന അര്‍ബുദത്തിന് കീഴടങ്ങി സ്വപ്‌നങ്ങള്‍ ബാക്കിയാക്കി രാഹുല്‍ വിട പറഞ്ഞു. ആശുപത്രി കിടക്കയില്‍ ചെല്ലോ ഷോയുടെ ട്രെയിലര്‍ കണ്ട് ആവേശഭരിതനായിരുന്നു രാഹുല്‍. തിയറ്ററിലെ ബിഗ് സ്‌ക്രീനില്‍ തന്റെയും സുഹൃത്തുക്കളുടെയും പ്രകടനം കാണാന്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരെയും നഴ്‌സുമാരെയും ഡോക്ടര്‍മാരെയുമൊക്ക രാഹുല്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി ഒക്ടോബര്‍ രണ്ടിന്, സിനിമ റിലീസ് ചെയ്യുന്നതിന് 12 ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ കോലി യാത്രയായി.

Exit mobile version