ഹൃദയം കീഴടക്കി ചെല്ലോ ഷോ

ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് സിനിമ മാറുമ്പോള്‍ റീലുകളില്‍ നിറഞ്ഞിരുന്ന ഗൃഹാതുരത്വം നഷ്ടമാകുന്നു

സിനിമയോടുള്ള അഭിനിവേശത്തിനൊപ്പം ആത്മ സമര്‍പ്പണത്തിനുള്ള കരുത്തും നേടിയാല്‍ ലക്ഷ്യത്തിലേയ്‌ക്കെത്താനായി ഏത് പ്രതിസന്ധിയും മറികടക്കാനാകും. ഗുജറാത്തി സംവിധായകന്‍ പാന്‍ നളിന്റെ അനുഭവം തന്നെ ഉദാഹരണം. ഇത്തവണത്തെ ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രിയായ ചെല്ലോ ഷോ ( ലാസ്റ്റ് ഫിലിം ഷോ ) ലക്ഷ്യം നേടാനുള്ള യാത്രയുടെ വിജയ ഘട്ടത്തിലാണ്. പാന്‍ നളിന്‍ സ്വന്തം അനുഭവങ്ങളെ പര്‍വ്വതീകരിക്കാതെ കഥയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ ചേര്‍ത്ത് വിളക്കിയപ്പോഴാണ് ചെല്ലോ ഷോ യാഥാര്‍ത്ഥ്യമായത്.

ഗുജറാത്തിലെ ഉള്‍ഗ്രാമത്തിലുള്ള സമയ് എന്ന ബാലന് സിനിമ ജീവശ്വാസം പോലെ കൂടെ കൂടിയ അഭിനിവേശമാണ്. അവന്റെ പ്രായത്തിലുള്ളവര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ലക്ഷ്യമാണെന്ന ഭയം അവനെ ബാധിച്ചതേയില്ല. അതുകൊണ്ടു തന്നെ പരിസരങ്ങളില്‍ ലഭ്യമായ സൗകര്യങ്ങളിലൂടെ അവന്‍ സിനിമയെ ആശ്ലേഷിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

പഴയ ഫിലിമുകള്‍ ശേഖരിച്ച് കൂട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും കഥകള്‍ പറയാനും അവന് ഒരു മടിയുമുണ്ടായില്ല. മറിച്ച് അഭിമാനമാണ് തോന്നിയത്. പ്രൊജക്ടര്‍ ഓപ്പറേറ്ററാണ് അവന്റെ ഏറ്റവും വലിയ സുഹൃത്ത്. സിനിമയുമായി ഏറ്റവും അധികം ബന്ധപ്പെടുന്ന അയാളാണ് അവന്റെ ഗുരു. അയാളിലൂടെയാണ് സിനിമയിലേയ്ക്കുള്ള വഴി തുറക്കുകയെന്നാണ് അവന്റെ വിശ്വാസം.

സിനിമയെ എതിര്‍ക്കുന്ന പരമ്പരാഗത ശൈലിയില്‍ മാത്രം ജീവിച്ച് പോകുന്ന സാധാരണ കുടുംബമാണ് സമയിന്റേത്. എതിര്‍പ്പുകളെ അവന്‍ തന്ത്രപരമായി അവഗണിക്കുന്നു. ശിക്ഷകള്‍ ഏറ്റുവാങ്ങാന്‍ അവന്‍ തയ്യാറുമാണ്. അത് അവനെ വേദനിപ്പിക്കില്ല. അവന്റെ ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണത്തില്‍ പ്രചോദനവും ആവേശവുമാണ് അപഹസിക്കലുകളും ശിക്ഷകളും.

സമയും അവന്റെ സുഹൃത്തുക്കളും സിനിമയെ നയിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയും ആ വളര്‍ച്ച സൃഷ്ടിക്കുന്ന പ്രതിസന്ധികളും അതു നല്‍കുന്ന സൗകര്യങ്ങളും ചെല്ലോ ഷോ ചര്‍ച്ചയാക്കുന്നു. ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് സിനിമ മാറുമ്പോള്‍ റീലുകളില്‍ നിറഞ്ഞിരുന്ന ഗൃഹാതുരത്വം നഷ്ടമാകുന്നു. ഓപ്പറേറ്റര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുന്നു. ഇതേ കാലത്തു തന്നെയാണ് കല്‍ക്കരി തീവണ്ടികള്‍ മാറി വൈദ്യുത ട്രെയ്‌നുകള്‍ ട്രാക്കിലാകുന്നത്. ഇതും ഒരു കൂട്ടര്‍ക്ക് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സിനിമയുടെ പ്രധാന കഥാപരിസരത്ത് കൂടി ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ബോദ്ധ്യപ്പെടുത്തിയാണ് ചെല്ലോ ഷോ അവതരിപ്പിക്കുന്നത്.

പ്രൊജക്ടര്‍ ഓപ്പറേറ്ററിന്റെയും സിനിമയെ അറിയാന്‍ ആഗ്രഹിക്കുന്ന ബാലന്റെയും കഥ പറഞ്ഞ ഗ്വിസപ്പെ ടൊര്‍ണ്രാടോറിന്റെ 1988 ല്‍ റിലീസായ ഇറ്റാലിയന്‍ ചിത്രം സിനിമാ പാരഡൈസിന്റെ പകര്‍പ്പാണ് ചെല്ലോ ഷോ എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിക്കപ്പെട്ടതോടെ ആ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ പാന്‍ നളിനിനു കഴിഞ്ഞു.

Exit mobile version