അതിശയിപ്പിച്ച് വിചിത്രമായ നഗരവും ഭയപ്പെടുത്തുന്ന നിശബ്ദതയും ‘സൈലന്‍സ് 6-9’

നിഗൂഢമായ ഒരു ഗ്രാമത്തിന്റെ കഥ

വിചിത്രമായ നഗരവും ഭയപ്പെടുത്തുന്ന നിശബ്ദതയും സൈലന്‍സ് 6 to 9 ന് നിഗൂഢതയുടെ മൂടുപടമിടുന്നു. മടുപ്പിക്കുന്ന കഥാപരിസരത്ത് സംഭവിക്കുന്ന സ്വാഭാവികമായ പ്രണയം പുതിയ ഊര്‍ജ്ജം നിറയ്ക്കുന്നു. ക്രിസ്റ്റോസ് പാസാലിസിന്റെ ഗ്രീക്ക് ചിത്രം സൈലന്‍സ് 6 -9 പ്രമേയമാക്കുന്നത് നിഗൂഢമായ ഒരു ഗ്രാമത്തിന്റെ കഥയാണ്. അപ്രത്യക്ഷരായ പ്രദേശവാസികളുടെ ശബ്ദ സാന്നിദ്ധ്യം റിക്കോര്‍ഡ് ചെയ്യാനായി സ്ഥാപിക്കപ്പെട്ട ഉപകരണങ്ങളുടെ ശബ്ദമാണ് നിശബ്ദതയ്ക്കു മുകളില്‍ കേള്‍ക്കാനാകുന്നത്.

ആര്‍ക്കും മനസിലാക്കാനാകാത്ത ജോലികള്‍ ചെയ്യുന്ന ചിലര്‍, ഉദ്ദേശങ്ങള്‍ പോലും വ്യക്തമല്ലാതെ ജീവിച്ചു പോകുന്നവര്‍ മിഥ്യയ്ക്കും സ്വപ്‌നത്തിനുമിടയിലൂടെ സഞ്ചരിക്കുമ്പോള്‍ വ്യക്തതയില്ലാത്ത ബിംബങ്ങളുടെ പുറകെ പോകാന്‍ പ്രേക്ഷകനും വിധിക്കപ്പെടുന്നു. എന്നാല്‍ ആ യാത്ര ആരിസിനും അന്നയ്ക്കും അവരുടെ ലക്ഷ്യങ്ങള്‍ക്കുമൊപ്പമാണെങ്കില്‍ ചില സത്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും.

ചിലപ്പോള്‍ ചരിത്രം അറിയാന്‍ വേണ്ടി നിശബ്ദയ്‌ക്കൊപ്പം ശേഷിപ്പുകള്‍ തേടാനായി സ്ഥാപിക്കപ്പെട്ട ആന്റിനകളുടെ മുഴക്കങ്ങള്‍ക്കൊപ്പം ചിന്തിക്കേണ്ടതായും വരും. 80 മിനിട്ടുകള്‍ പ്രേക്ഷകന്‍ സിനിമ ആസ്വദിക്കുന്നത് തിരശീലയില്‍ മിന്നി മറയുന്ന ദൃശ്യങ്ങളില്‍ നിന്നു മാത്രമാകില്ല. സീനുകള്‍ക്കൊപ്പം ചിന്തകളെ കൂടി സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിച്ചാല്‍ മാത്രമെ നിശബ്ദതയില്‍ ഒളിപ്പിച്ച സൗന്ദര്യം ബോദ്ധ്യപ്പെടുകയുള്ളൂ. അപ്പോള്‍ മാത്രമായിരിക്കും സൈലന്‍സ് 6 -9 മികച്ച ചലച്ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാകുക.

മേളയുടെ അഞ്ചാം നാള്‍ ഡിസംബര്‍ 13 ന് ഏരീസ് പ്ലക്‌സ് സ്‌ക്രീന്‍ 6 ല്‍ വൈകിട്ട് 5.30 സൈലന്‍സ് 6-9 പുനഃപ്രദര്‍ശിപ്പിക്കും.

Exit mobile version