കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
നവംബര്‍ 29 മുതല്‍ കഴിഞ്ഞ രണ്ടാം തീയതി വരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് ക്‌ളാസില്‍ പ്‌ളസ്ടു വിദ്യാര്‍ത്ഥിനി ഇരുന്നത്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് തോന്നിയ സംശയമാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്. എംബിബിഎസ് പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചുള്ള ചിത്രങ്ങള്‍ കോളജിലെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ വന്നിരുന്നു. ഇതില്‍ ഒരാളുടെ കാര്യത്തില്‍ കുട്ടികള്‍ തന്നെ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം നടന്നതായി തിരിച്ചറിഞ്ഞത്. നാലു ദിവസം ക്‌ളാസിലിരുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. പ്രവേശന പട്ടികയില്‍ ഇല്ലാത്ത കുട്ടിയുടെ പേര് പക്ഷെ ഹാജര്‍ ബുക്കില്‍ ഉണ്ടായിരുന്നു.
247 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം ഇതുവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നല്‍കിയത്. മൂന്ന് സീറ്റുകളില്‍ കൂടി ഇനി പ്രവേശനം നല്‍കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആള്‍മാര്‍ട്ടം നടന്നത്. സംഭവത്തില്‍ വീഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് തുറന്ന് സമ്മതിച്ചു. ക്ലാസ് തുടങ്ങിയ ആദ്യദിവസം സമയ നഷ്ടം ഒഴിവാക്കാന്‍ കുട്ടികളെ ധൃതിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറ്റിയ തെറ്റാണെന്ന് വൈസ് പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു.
Discussion about this post