വ്യത്യസ്തമായ പ്രമേയങ്ങളും വൈവിദ്ധ്യങ്ങളായ കാഴ്ചകളും പ്രതീക്ഷകളെ മറികടക്കുന്ന അവതരണ ശൈലികളുമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒന്നാം ദിനം പ്രൗഢ ഗംഭീരം. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ടായിരുന്നുവെങ്കിലും രാവിലെ മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. അഭയാര്‍ത്ഥികളുടെ അതിജീവനം, കലുഷിതമായ യുവ മനസുകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍, ബന്ധങ്ങളുടെ തീവ്രത, രാഷ്ട്രീയ മുതലെടുപ്പിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തുടങ്ങിയവയായിരുന്നു ആദ്യദിനത്തിലെ സിനിമകളുടെ പ്രമേയങ്ങള്‍.
ഉദ്ഘാടന ചിത്രമായ ടോറി ആന്‍ഡ് ലോകിതയും അഭയാര്‍ത്ഥികളുടെ ഇരുണ്ട ജീവിതം തന്നെയാണ് പ്രമേയമാക്കിയത്. ദുര്‍ബലരായ കുടിയേറ്റക്കാരുടെ ദൈന്യതയെ ചൂഷണം ചെയ്യുന്ന തദ്ദേശവാസികളുടെ ദയ ഇല്ലായ്മ ടോറിയുടെയും ലോകിതയുടെയും അനുഭവങ്ങളിലൂടെയാണ് വിവരിക്കുന്നത്. സ്വപ്‌നഭൂമി തേടി പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ കടന്നു പോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വ്യത്യസ്ത നാടുകളില്‍ വ്യത്യസ്തങ്ങളാണെങ്കിലും അനുഭവിക്കുന്ന യാതനകള്‍ ഒന്നു തന്നെയാണ്. മയക്കുമരുന്ന് മാഫിയയുടെ ചൂഷണത്തിന് വിധേയമാകേണ്ടി വരുന്ന ടോറിക്കും ലോകിതയ്ക്കും നേരിടേണ്ടി വരുന്ന അനുഭവങ്ങളായിരുന്നില്ല വിക്ടിമിലെ യുക്രൈന്‍ കുടിയേറ്റക്കാരി ഐറിനയ്ക്കുണ്ടായത്. മകന്റെ വ്യാജപ്രസ്താവന വരുത്തി വച്ച സംഘര്‍ഷങ്ങള്‍ മറികടക്കാനുള്ള തത്രപ്പാടുകളായിരുന്നു ഐറിനയ്ക്ക്. അതിനിടയില്‍ അപ്രതീക്ഷിതമായി ലഭിച്ച സഹായവാഗ്ദാനത്തില്‍ ജീവിതം കെട്ടിപടുക്കാനുളള സ്വപ്‌നങ്ങള്‍ ഐറിനയ്ക്ക് പ്രതീക്ഷകള്‍ നല്‍കി.
എറിട്രിയന്‍ അഭയാര്‍ത്ഥികളായ സെമ്രെട്ടിനും അവളെ സഹായിക്കാനെത്തിയ യെമനെയ്ക്കും പാലായനത്തിനിടയിലെ അനുഭവങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. സ്വിസ് ചിത്രമായ സെമ്രെട്ട് സ്ത്രീകളായ അഭയാര്‍ത്ഥികള്‍ അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളായിരുന്നു മുന്നോട്ട് വച്ചത്. എല്ലാവരെയും സ്വീകരിക്കുന്ന കാനഡയില്‍ പുറംനാട്ടുകാരായവര്‍ പീഡനങ്ങളൊന്നും നേരിടേണ്ടി വരുന്നില്ലെങ്കിലും ചിലപ്പോഴെങ്കിലും അനുഭവിക്കേണ്ടി വരുന്ന അവഗണന മടുപ്പിക്കുന്നതാണെന്ന് ദി നോയ്‌സ് ഓഫ് എഞ്ചിന്‍ എന്ന കനേഡിയന്‍ ചിത്രം പറയുന്നു. ലൈംഗിക ചിത്രങ്ങളെ സംബന്ധിച്ച് നടത്തുന്ന അന്വേഷണങ്ങളിലൂടെ ചിത്രം മുന്നേറുമ്പോള്‍ പുറംനാട്ടുകാര്‍ സംശയിക്കപ്പെടുന്ന സാചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് സംവിധായകന്‍ ഫിലിപ്പെ ഗ്രിഗോറി വിശദമാക്കുന്നു.
പുരുഷ കേന്ദ്രീകൃതമായ ബൈക്ക് റൈഡിങിനിറങ്ങുകയും സാഹസികത ഇഷ്ടപ്പെടുന്ന ജൂലിയോ, അവര്‍ക്കൊപ്പം ചേരുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ഫ്രഞ്ച് ചിത്രം റോഡിയോ പറയുന്നത്. യുവത്വത്തിന്റെ എടുത്തു ചാട്ടമായിരുന്നു പ്രമേയം. റഷ്യന്‍ ചിത്രം ബോംബര്‍ നമ്പര്‍ ടു പറഞ്ഞതാകട്ടെ ടീനേജുകാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പേരെടുക്കാന്‍ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചാണ്. അതിക്രമങ്ങള്‍ കാണിച്ച് ഒന്നാമത്തെ വില്ലനാകാന്‍ ശ്രമിക്കുന്ന ഇരുവരും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ അസ്വസ്ഥരാകുന്ന സഹപാഠികള്‍ മാത്രമല്ല തിരുത്തിക്കാന്‍ ശ്രമിക്കേണ്ട അദ്ധ്യാപകരും നിസംഗരായി കാഴ്ചക്കാരായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അച്ഛന്റെയും മകളുടെയും വൈകാരികമായ ബന്ധത്തിന്റെ കഥ പറഞ്ഞ റെഡ്ഷൂസും മികച്ച നിലവാരം പുലര്‍ത്തി. സിനിമകളുടെ ഉയര്‍ന്ന നിലവാരം കേരള രാജ്യാന്തര മേളയുടെ ഒന്നാം ദിനം സമ്പുഷ്ടമാക്കി. വരും ദിവസങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്കും നിറം പകര്‍ന്നു.