ഇരകള്‍ എല്ലായ്‌പ്പോഴും ഇരകളാകണമെന്നില്ല. യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കപ്പെടുമ്പോള്‍ ഇരകളാല്‍ സൃഷ്ടിക്കപ്പെടുന്ന ഇരകള്‍ക്ക് ജീവിതം തന്നെ നഷ്ടമായേക്കും. മൈക്കല്‍ ബ്ലാസ്‌കോയുടെ സ്ലോവാക്യന്‍ ചിത്രം വിക്ടിം ഇരകള്‍ സൃഷ്ടിക്കുന്ന ഇരകളുടെ ജീവിതം പറയുന്നു. സമൂഹത്തില്‍ മാദ്ധ്യമങ്ങളും ഇരകളെ സംരക്ഷിക്കാനിറങ്ങുന്ന ഒരു കൂട്ടരും അവസരം ഉപയോഗിക്കാന്‍ മടിക്കാത്ത രാഷ്ട്രീക്കാരും കൂടി സൃഷ്ടിക്കുന്ന വിപത്തിലേയ്ക്കാണ് വിക്ടിം വിരല്‍ ചൂണ്ടുന്നത്.
യുക്രൈന്‍ കുടിയേറ്റക്കാരി ഐറിനയുടെ മകന് അപകടം സംഭവിക്കുന്നിടത്തു നിന്നാണ് നിന്നാണ് കഥയുടെ തുടക്കം. അയല്‍വാസിയായ റോമാക്കാര്‍ നടത്തിയ ആക്രമണമാണെന്ന കുട്ടി നടത്തുന്ന പരാമര്‍ശമാണ് വിവാദത്തിലേയ്ക്ക് നയിക്കുന്നത്. കുടിയേറ്റക്കാര്‍ക്കെതിരെ നടന്ന ആക്രമണത്തെ അപലപിക്കാന്‍ സമൂഹം തയ്യാറാകുന്നു. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലിറങ്ങുന്ന കൂട്ടര്‍ നടത്തുന്ന പ്രചാരണം ഐറിനയുടെ കാലങ്ങളായുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉതകിയേക്കുമെന്ന ചിന്ത അവളില്‍ ഉടലെടുക്കുന്നു.
അവള്‍ ആഗ്രഹിച്ച തരത്തില്‍ സ്വന്തം നാട്ടിലേയ്ക്ക് പോകാനും സ്വന്തം സ്ഥാപനം നടത്തുന്നതിനുമുള്ള സഹായം ലഭിക്കുമെന്നും വിശ്വസിക്കുന്ന ഐറിന യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിരപരാധികളായ അയല്‍വാസികള്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും അവര്‍ക്കായി സംസാരിക്കാനും ആരുമില്ലാത്ത സ്ഥിതി സൃഷ്ടിച്ചു. ഏറ്റവും ഒടുവില്‍ കാമുകിയുമായി അടുക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം പറ്റുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്നു.
സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം അന്വേഷിക്കാതെ ഇരകളെ സൃഷ്ടിച്ച് നടത്തുന്ന പ്രഹസന്ന സമരങ്ങളുടെ പൊള്ളത്തരങ്ങൡലേയ്ക്ക് സംവിധായകന്‍ മൈക്കല്‍ ബ്ലാസ്‌കോ നടത്തിയ സഞ്ചാരം സമീപകാല സംഭവങ്ങളുടെ പുനര്‍ ചിന്ത ആവശ്യപ്പെടുന്നുണ്ട്. വൈകാരിക മുഹൂര്‍ത്തങ്ങളും സ്വാര്‍ത്ഥലാഭ മോഹികളുടെ ഇടപെടലുകളും ഏറെയുള്ള സിനിമയ്ക്ക് ഇന്നത്തെ സാഹചര്യങ്ങളില്‍ പ്രസക്തിയേറെയുണ്ട്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനം പ്രതിനിധികള്‍ സ്വീകരിച്ച സിനിമയായി വിക്ടിം മാറി.