ഞാന്‍ മുത്തച്ഛനാണ്, റിട്ടയേര്‍ഡ് ഫിലിം മേക്കറാണെന്നാണ് ഹംഗേരിയൻ സംവിധായകൻ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ ലോകം അതങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കില്ല. കാരണം ബലേ ടാര്‍ ലോകസിനിമയുടെ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകള്‍ ഒട്ടും ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ഈ മുത്തച്ഛന്, ഈ റിട്ടയര്‍ഡ് സിനിമാക്കാരന്, ഈ വികാര മോഷ്ടാവിന് കേരള രാജ്യാന്തര മേളയുടെ ലൈഫ് ടൈം അച്ച്വീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിക്കുന്നതും.
മറ്റുള്ളവരുടെ വികാരങ്ങള്‍ മോഷ്ടിക്കുന്ന, അവരുടെ ഹൃദയം പുറത്തെടുക്കുന്ന വൃത്തിക്കെട്ട ജോലിയാണ് താന്‍ ചെയ്യുന്നതെന്ന ബലേ ടാറിന്റെ പ്രതികരണം കൈയടികളോടെയാണ് സിനിമാ ലോകം ഏറ്റെടുത്തത്. ഒരു സംവിധായകനെ ഏറ്റവും മഹത്തായി വിശേഷിപ്പിക്കാന്‍ കഴിയുന്ന വാചകങ്ങളായി അത് മാറുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് കേരള ചലച്ചിത്രമേള അര്‍ഹിക്കുന്ന സാന്നിദ്ധ്യം തന്നെയാണ് ഈ അത്ഭുത പ്രതിഭ എന്ന് അടിവരയിടുന്നതും. 22-ാം വയസില്‍ സിനിമയെടുക്കാന്‍ ഇറങ്ങുമ്പോള്‍ ബേല ടാറിന് ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. പിന്തുടരാന്‍ മാതൃകകളില്ലാതെ ക്യാമറയും കഥയുമായി 1977 ല്‍ തെരുവിലേക്കിറങ്ങിയ ചെറുപ്പക്കാരനെ നാട്ടുകാര്‍ സംശയത്തോടെയാണ് വീക്ഷിച്ചത്. 2011 ല്‍ ഇനി ഞാന്‍ സിനിമ നിര്‍മ്മിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഒരു പിടി സിനിമാ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ തുനിയുമ്പോള്‍ അദ്ദേഹത്തിന് കൈമുതല്‍ മൂന്നര പതിറ്റാണ്ടുകാലത്തെ അനുഭവങ്ങളായിരുന്നു.
ആദ്യ സിനിമ ഫാമിലി നെസ്റ്റിനെ സംശയത്തോടെ വീക്ഷിച്ച ഹംഗറിക്കാര്‍ ഇന്ന് ബേല ടാറിന്റെ പേരില്‍ അഭിമാനം കൊള്ളുന്നു. ലോകോത്തര സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് ഇന്ന് ടാര്‍. പരീക്ഷണങ്ങള്‍ക്ക് ഒരു പരിധിയും കല്‍പ്പിക്കാത്ത ടാര്‍ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ നിര്‍മ്മിച്ചും ലോകത്തെ അത്ഭുതപ്പെടുത്തി. സിനിമയെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ സാമൂഹ്യ ജീവിതമാണ് അദ്ദേഹം പ്രമേയമാക്കിയത്. ദൈനംദിന ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും ടാറിന്റെ ഫ്രെയിമുകളില്‍ അമൂര്‍ത്തങ്ങളായ ചലിക്കുന്ന ശില്‍പ്പങ്ങളായി മാറി. 2012 ല്‍ ടാര്‍ സ്ഥാപിച്ച ഫിലിം സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയവര്‍ ലോക സിനിമാ രംഗത്ത് മികച്ച പ്രതിഭകളായി. ഇന്ന് ടാറിന്റെ സ്‌കൂളില്‍ നിന്നിറങ്ങിയ പ്രതിഭകളില്ലാത്ത ലോകരാജ്യങ്ങളില്ല. അദ്ദേഹത്തിന്റെ ശിഷ്യരുടെ സിനിമകളില്ലാത്ത ചലച്ചിത്രോത്സവങ്ങളുമില്ല.
Discussion about this post