ദോഹ: ലോകകപ്പില്‍ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പകരം അവസാന ഇലവനില്‍ ഇടം നേടുന്ന ഗോണ്‍സാലോ റാമോസിന്റെ ഹാട്രിക് മായാജാലത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനു നേരെ 6-1 ന്റെ കൂറ്റന്‍ വിജയവുമായി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലേക്ക്. നിര്‍ണായക മത്സരത്തില്‍ സ്വിസ് ടീം തീര്‍ത്ത പ്രതിരോധ പൂട്ട് തല്ലി തകര്‍ത്ത് ഗോള്‍ മഴ തീര്‍ത്ത പോര്‍ച്ചുഗല്‍ ടീം, ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ അട്ടിമറിച്ചെത്തിയ മൊറോക്കയെ നേരിടും. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടത്തിനുടമയായ 21 കാരനായ റാമോസ് 17, 51, 67-ാം മിനിട്ടുകളിലാണ് പോര്‍ച്ചുഗലിനായി വല ചലിപ്പിച്ചത്. 33-ാം മനിട്ടില്‍ പെപ്പയും 55-ാം മനിട്ടില്‍ റാഫേല്‍ ഗുരേരിയേയും നിശ്ചിത സമയം കഴിഞ്ഞുള്ള രണ്ടാം മിനിട്ടില്‍ റാഫേല്‍ ലിയോയും പോര്‍ച്ചുഗലിനായി ഗോള്‍ മഴ തീര്‍ത്തു. മാനുവല്‍ അകാന്‍ജി 58 -ാം മിനിട്ടില്‍ നേടിയ ഗോള്‍ സ്വീസ് ടീമിനു ആശ്വാസമായി. 2008നു ശേഷം ഇതാദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പകരക്കാരുടെ ബഞ്ചിലിരിക്കുന്നത്. 31 മത്സരങ്ങള്‍ക്കു ശേഷമാണ് ഈ മാറ്റം എന്നതും ആരാധകരെ അമ്പരിപ്പിച്ചിട്ടുണ്ട്.
പ്രതിരോധത്തിനു പേരുകേട്ട സ്വിറ്റ്‌സര്‍ലാന്‍ഡിനു പ്രീക്വാര്‍ട്ടറില്‍ എല്ലാ പിഴയ്ക്കുന്ന കാഴ്ചയാണ് ലൂസൈല്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകകര്‍ സാക്ഷ്യം വഹിച്ചത്. മത്സര തുടക്കത്തില്‍ ഗോള്‍ അടിക്കാനുള്ള സ്വിസ് താരം ബ്രീല്‍ എംബോളയുടെ നീക്കത്തിനെ തടയിടാന്‍ പോര്‍ച്ചുഗലിന്റെ വെറ്ററന്‍ താരം പെപ്പയ്ക്കു കഴിഞ്ഞു. 17-ാം മിനിട്ടില്‍ റൊണാള്‍ഡോയ്ക്കു പകരക്കാരനായി ടീമിലെത്തിയ ഗോണ്‍സാലോ റാമോസ് പോര്‍ച്ചുഗലിനായി ആദ്യ വെടി പൊട്ടിച്ചു. ജാവോ ഫെളിക്‌സ് നല്‍കിയ ഒരു ഉഗ്രന്‍ പാസ് സ്വീകരിച്ച റാമോസ് സ്വിസ് വല തകര്‍ത്തുകൊണ്ടുള്ള മിന്നും ഗോള്‍ നേടി. അസാധ്യമാണെന്ന് തോന്നു വിധത്തിലാണ് ആ പന്ത് മികച്ച മെയ് വഴക്കത്താല്‍ റാമോസ് ഗോളാക്കിയതോടെ പോര്‍ച്ചുഗല്‍ ആരാധകക്കൂട്ടം ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ സന്തോഷത്തിന്റെ അലകള്‍ തീര്‍ക്കുകയായിരുന്നു.
33-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് എടുത്തു വിട്ട കോര്‍ണര്‍ കിക്ക് പോര്‍ച്ചുഗലിന്റെ സീനിയര്‍ താരം പെപ്പേ ചാടിയുയര്‍ന്ന മനോഹരമായ ഹെഡിങ്ങിലൂടെ ഗോളാക്കി മാറ്റി. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ഈ ഗോള്‍ നേട്ടത്തോടെ പെപ്പേ സ്വന്തമാക്കി. രണ്ടു ഗോള്‍ നേടിയതോടെ വ്യക്തമായ ആധിപത്യത്തോടെ പോര്‍ച്ചുഗല്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു.
രണ്ടാം പകുതിയില്‍ വീണ്ടും സ്വിസ് ഗോള്‍ മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ട പോര്‍ച്ചുഗല്‍ 51-ാം മിനിട്ടില്‍ റാമോസിലൂടെ രണ്ടാം ഗോള്‍ നടി. ഡീഗോ ഡാലോ നല്‍കിയ ക്രോസ് പാസ് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ തന്നെ റാമോസ് ഗോളാക്കി മാറ്റുകയായിരുന്നു. 55-ാം മിനിട്ടില്‍ റാഫേല്‍ ഗുരേരിയേയിലൂടെ വീണ്ടും ഗോള്‍ നേടിയ പോര്‍ച്ചുഗല്‍ 4-0 ന്റെ ലീഡ് കുറിച്ചു. എന്നാല്‍ 58-ാം മിനിട്ടില്‍ സ്വിസ് പ്രതിരോധതാരം മാനുവല്‍ അകാന്‍ജി ടീമിനുവേണ്ടി ആദ്യ ഗോള്‍ നേടിയതോടെ പിരിമുറക്കത്തിലായിരുന്ന ആരാധകര്‍ക്ക് ആശ്വാസമായി. മികച്ചൊരു കോര്‍ണര്‍ ആരു തൊടാതെ ഒന്നാം പോസ്റ്റും അതു പോലെ ഗോള്‍ കീപ്പറെയും പിന്നിട്ട് രണ്ടാം പോസ്റ്റിനടുത്തെത്തിയപ്പോള്‍ അവിടെയെത്തിയ മാനുവല്‍ അകാന്‍ജി ആ അവസരം മുതലാക്കി കോര്‍ണര്‍ കിക്ക് ഗോളാക്കി മാറ്റുകയായിരുന്നു.
67-ാം മിനിട്ടില്‍ ഹാട്രിക്ക് ഗോള്‍ എന്ന ചരിത്രനേട്ടം കുറിച്ച റാമോസ് പോര്‍ച്ചുഗീസ് ആരാധകപ്പടയെ അമ്പാടെ ഞെട്ടിച്ചു. മൈതാനത്തിന്റെ പകുതിയില്‍ നിന്നും പന്തുമായി എത്തിയ ജാവോ ഫെളിക്‌സ് നല്‍കിയ പാസ് അതിമനോഹരമായി ഗോള്‍ വലയിലാക്കി റാമോസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. 2002ല്‍ ജര്‍മനിയുടെ മിറോസോ ക്ലാസെയ്ക്കു ശേഷം ആദ്യ ലോകകപ്പില്‍ത്തന്നെ ഹാട്രിക് നേടുന്ന മറ്റൊരു താരമാണ് റാമോസ്. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കും.
തുടര്‍ന്ന് ലൂസൈല്‍ സ്റ്റേഡിയത്തിലെ ആയിരക്കണക്കിനു ആരാധകക്കൂട്ടം കാത്തിരുന്ന ആ നിമിഷവും വന്നു അതും 73-ാം മിനിട്ടില്‍ ഹാട്രിക് നേടിയ റാമോസിനെ പിന്‍വലിച്ച് സൂപ്പര്‍ ഐക്കണ്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിമൈതാനത്തിലേക്ക്, അതും ഈ ലോകകപ്പില്‍ ആദ്യമായിട്ട് പകരക്കാരനായി. 84-ാം മിനിട്ടില്‍ റൊണാള്‍ഡോ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. അധികസമയത്തിന്റെ രണ്ടാം മിനിട്ടില്‍ ഗോള്‍ നേടിയ മറ്റൊരു പകരക്കാരന്‍ റാഫേല്‍ ലിയോയും ഗോള്‍ നേടിയതോടെ ആറ് എന്ന മാന്ത്രിക റെക്കോര്‍ഡ് ഗോള്‍ നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗല്‍ മികച്ച കളിവൈഭവത്തോടെ ക്വാര്‍ട്ടറിലേക്ക്.