ചാന്‍സലര്‍ ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയ ശേഷം അറിയാം, മല്ലിക സാരാഭായ് യോഗ്യയെന്നും ഗവര്‍ണര്‍

ഡല്‍ഹി: ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയശേഷം അറിയാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ വിവരങ്ങള്‍ എന്താണെന്ന് അറിയില്ല. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലുള്ളതാണ്. അതില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ കേന്ദ്ര അനുമതി വേണം. കേന്ദ്ര അനുമതി വാങ്ങിയിട്ടുണ്ടെങ്കില്‍ ഒപ്പിടാന്‍ മടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കലാമണ്ഡലം ചാന്‍സലര്‍ നിയമനത്തെ ഗവര്‍ണര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. മല്ലിക സാരാഭായ് യോഗ്യയാണ്.

അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ പ്രതിപക്ഷത്തിന്റെ തടസവാദങ്ങള്‍ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സര്‍ക്കാര്‍ വിട്ടു. ഗവര്‍ണറെ മാറ്റുന്നതിനോടല്ല ബദല്‍ സംവിധാനത്തോടാാണ് എതിര്‍പ്പെന്ന നിര്‍ണായക നിലപാട് പ്രതിപക്ഷനേതാവ് സഭയില്‍ വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്തെങ്കിലും സഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Exit mobile version