ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു. അമ്മയും കുഞ്ഞും ചികിത്സ പിഴവ് മൂലമാണ് മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
https://youtu.be/ztLHwz3oaNI
പൊക്കിള്‍കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന്‍ തീരുമാനിച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുല്‍ സലാം മാധ്യമങ്ങളോട് പറഞ്ഞത്. 48 മണിക്കൂറിനുള്ളില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രസവ സമയത്ത് കുഞ്ഞിന്റേയും അമ്മയുടേയും ഹൃദയമിടിപ്പ് 20 ശതമാനം താഴെയായിരുന്നു. അമ്മയെ ഉടന്‍ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ചികിത്സിച്ച സീനിയര്‍ ഡോക്ടര്‍ പ്രസവ സമയത്തുണ്ടായിരുന്നുവെന്നും മറിച്ചുള്ള ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചതോടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. അടിയന്തര ചികില്‍സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്റേയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.ലേബര്‍മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കി.
Discussion about this post