ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്.
https://youtu.be/V-9HduKA4gA
അമ്മയും കുഞ്ഞും മരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ അടിയന്തര ചികില്‍സ നല്കാന് ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്റേയും മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ലേബര്‍മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്കി.ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. പുറത്തെടുക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്.
കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് അമ്മയും മരിച്ചു. രക്തസമ്മര്‍ദം താഴ്ന്നതോടെയാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു.
Discussion about this post