ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബർ 9 ന് തിരുവനന്തപുരത്ത് തിരി തെളിയും. മേളയുടെ ഡെലിഗേറ്റ് സെല്‍ ടാഗോര്‍ തിയേറ്ററില്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷനായ ചടങ്ങിൽ, ആദ്യ പാസ് നടി ആനി ഏറ്റുവാങ്ങി,ഡെലിഗേറ്റ് കിറ്റ് മന്ത്രി എം.ബി രാജേഷ് നടന്‍ ഗോകുല്‍ സുരേഷിന് കൈമാറി.
വൈവിധ്യപൂർണ്ണമായ ചലച്ചിത്രങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി ഡെലിഗേറ്റ് പാസ്കളുടെ വിതരണത്തിനായി മികച്ച ക്രമീകരണമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. iffk യുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും ഓൺലൈൻ വഴിയും രജിസ്‌ട്രേഷൻ നടത്താം. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്.
എട്ട് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ 70 രാജ്യങ്ങളിൽനിന്നുള്ള 186 ഓളം ചിത്രങ്ങൾ 14 ഓളം തിയേറ്ററുകളിലായി പ്രദർശിപ്പിക്കും. മേള മാറ്റൊന്നും കുറയാതെ പ്രൗഢമായി അവതരിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് സാംസകാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ ഇപ്പോൾ, മലയാളം സിനിമ ഇന്ന്, മാസ്റ്റേഴ്‌സിന്റെ വിഖ്യാത ചിത്രങ്ങൾ ഉൾപ്പെടുത്തിയ റെട്രോസ്‌പെക്ടീവ് വിഭാഗം, ഹോമേജ് വിഭാഗം തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ‘Not to drug’ ക്യാമ്പയിങ്നെ യുവാക്കളുടെ ആഘോഷ വേദിയായ iffkയുമായി സമന്വയിപ്പിച്ചു കൊണ്ട് അർഥവത്താക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർഗാത്മകതയുടെ ഉത്സവ മേളയിൽ ഡെലിഗേറ്റ് ബാഗിനെ പ്രചരണ ഉപാധിയാക്കി മയക്കുമരുന്നിനെതിരെയുള്ള സന്ദേശം ജനങ്ങൾ എത്തിക്കാനും ലക്ഷ്യമിടുന്നു.