കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്പന്ദനങ്ങൾ ലോകത്തെ അറിയിക്കാൻ ആശ്രാന്ത പരിശ്രമം ചെയ്യുന്ന ഒരു സംഘം പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതുവരെ മാധ്യമങ്ങളിലൂടെ നമ്നമൾ അറിഞ്ഞ കാര്യങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഇവരുടേതാണ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരു യുവ സംഘമാണ് ഈ പരിശ്രമത്തിന് പിന്നിൽ.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ സതികുമാറിന്റെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ സംഘമാണ് ഇവർക്ക് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകുന്നത്. ഇതുവരെ ഇവർ തയ്യാറാക്കി നൽകിയത് 100ലധികം വാർത്തകളും വിവരങ്ങളും ആണ്. മേളയിൽ എത്തുന്ന അന്താരാഷ്ട്ര ചിത്രങ്ങളുടെയും സംവിധായകരുടെയും വിവരങ്ങൾ നേരത്തെ തന്നെ ഇവർ തയ്യാറാക്കി വാർത്ത രൂപത്തിലാക്കി മാധ്യമങ്ങൾക്ക് കൃത്യതയോടെ കൈമാറുന്നു.
മേള തുടങ്ങുന്നതോടെ സിനിമ അവലോകനങ്ങളും, പ്രശസ്തരുടെ ആഭിമുഖങ്ങളും, മേളയിലെ മറ്റ് വിശേഷങ്ങളുമായി ഇവർ കൂടുതൽ തിരക്കിലാകും. പ്രദർശിപ്പിക്കുന്ന സിനിമകളുടെ ഷെഡ്യൂൾ, മേളക്കെത്തുന്ന സിനിമ പ്രവർത്തകരുടെ വിവരങ്ങൾ, പരിപാടികളുടെ വിവരങ്ങൾ അറിയിപ്പുകൾ, സിനിമകളുടെ കഥാസാരം, പരിപാടികളുടെ വിശദമായ റിപ്പോർട്ടുകൾ, പ്രമുഖ ചലച്ചിത്ര പ്രതിഭകളുടെ വിശദമായ വിവരങ്ങൾ, ഉദ്ഘാടന സമാപന പരിപാടികൾ, മുഖാമുഖങ്ങൾ, ഓപ്പൺ ഫോറങ്ങൾ, പ്രദർശനങ്ങൾ വൈകുന്നേരങ്ങളിലെ സാംസ്കാരിക പരിപാടികൾ, മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടിംഗ് പാസുകൾ തയ്യാറാക്കൽ, ഇങ്ങനെ പിടി പണിയുണ്ട് ഇവർക്ക്.
ഇത്തവണ മേളയിൽ ഏറെയും പുതുമുഖങ്ങളാണ് മീഡിയ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ മാധ്യമങ്ങളിലൂടെ അറിയിപ്പുകൾ നൽകി അപേക്ഷ ക്ഷണിച്ചിരുന്നു; അപേക്ഷിച്ചവരിൽ നിന്ന് പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തിയാണ് പതിനഞ്ചോളം പേരെ തിരഞ്ഞെടുത്തു തുടർന്ന് ഇവർക്ക് ആവശ്യമായ പരിശീലനം നൽകുകയായിരുന്നു. സംസ്ഥാനത്തെ വിവിധ മീഡിയ അക്കാദമികളിലും കോളേജുകളിൽ നിന്നും പത്രപ്രവർത്തനം പഠിച്ചിറങ്ങിയ പലരും ഈ കൂട്ടത്തിലുണ്ട്, പല സ്ഥാപനങ്ങളിലും ട്രെയിനികളായി ജോലി എടുക്കുന്നവരാണ് ഇവർ സിനിമയോടുള്ള അഭിനിവേശം കൊണ്ടാണ് രാജ്യാന്തര ചലച്ചിത്രമേളയുമായി സഹകരിക്കാൻ ഇവർ എത്തിയത്. ഈ സംഘം തയ്യാറാക്കുന്ന വാർത്തകളും വിവരങ്ങളും തെറ്റ് തിരുത്തി പ്രസിദ്ധീകരണ യോഗ്യമാക്കുന്ന ഉദ്യോഗസ്ഥർക്കും വിശ്രമം അന്യമായിട്ട് ആഴ്ചകൾ പിന്നിടുന്നു