ദോഹ: സാംബ താളത്തിനൊപ്പം ആരാധക ആരവങ്ങള്‍ അലയടിച്ചുകൊണ്ടിരുന്ന ദോഹ മണ്ണില്‍ അപ്രമാദിത്യ വിജയ തേരിലേറി കാനറിക്കൂട്ടം ലോക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലേക്ക്. അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് ക്വാര്‍ട്ടര്‍ സ്വപ്‌നം കണ്ടെത്തിയ ദക്ഷിണ കൊറിയന്‍ ടീമിനെ 4-1 ന് തകര്‍ത്താണ് കാനറിക്കൂട്ടം സ്റ്റേഡിയം 974 ല്‍ വിജയത്തിന്റെ സാംബാ നൃത്തം ചവിട്ടിയത്. ദക്ഷണി കൊറിയയുടെ തോല്‍വിയോടെ ഖത്തര്‍ ലോകകപ്പില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങള്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കളിയവസാനം വിജയത്തിനൊപ്പം ലോക ഇതിഹാസതാരം പെലെയ്ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് ലോക ഒന്നാം നമ്പര്‍ ചാമ്പ്യന്മാരായ കാനറിക്കൂട്ടം ബാനറുമായി കളിക്കളത്തില്‍ നിരന്നു.
ആദ്യ പകുതിയില്‍ തന്നെ നാല് ഗോളടിച്ച ബ്രസീല്‍ വിജയം ഉറപ്പിക്കുന്ന കാഴ്ച്ചയാണ് 974 സ്റ്റേഡിയത്തില്‍ എത്തിയ മഞ്ഞക്കടലിനു സമാനമായ ആഘോഷ ആരവം തീര്‍ത്ത ആരാധകര്‍ക്ക് സമ്മാനിച്ചത്. ആക്രമിച്ചു കളിച്ചു തുടങ്ങിയ ബ്രസീല്‍ ആദ്യ എട്ടാം മിനിട്ടില്‍ വിഗ്നീഷ്യസ് ജൂനിയറിലൂടെയാണ് ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 13-ാം മിനിട്ടില്‍ നെയ്മര്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളും, 20-ാം മിനിട്ടില്‍ റിച്ചാര്‍ലിസണിലൂടെ മൂന്നാം ഗോളും നേടി കാനറിക്കൂട്ടം കളി തങ്ങളുടെ വരുതിയിലാക്കി. 36-ാം മിനിട്ടില്‍ ലൂക്കാസ് പക്വാറ്റയുടെ അതിമനോഹര ഗോളിലൂടെ 4-0 എന്ന വ്യക്തമായ ലീഡ് എടുക്കാന്‍ ബ്രസീലിനു സാധിച്ചു.
ലോക ഒന്നാം നമ്പറുകാര്‍ക്കെതിരെ മികച്ചൊരു പോരാട്ടം പോലും കാഴ്ചവെയ്ക്കാന്‍ ആദ്യ പകുതിയില്‍ കൊറിയന്‍ ടീമിനു സാധിച്ചില്ല. നാല് ഗോള്‍ നേടിയതോടെ വിജയം ഉറപ്പിച്ചു കളിച്ച ബ്രസീലിയന്‍ സംഘത്തെ 76-ാം മിനിട്ടില്‍ സൂപ്പര്‍ ലോങ് ഷോട്ടിലൂടെ ഗോള്‍ നേടിയ പാക് സ്യുങ് ഹോയുടെ ആവേശം കാനറികളെ ഞെട്ടിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ നേടിയ വ്യക്തമായ ലീഡില്‍ കളി മുന്നേട്ടു കൊണ്ടു പോയ സില്‍വയുടെ ബ്രസീലിയന്‍ ടീം ഒരു പഴുതു പോലും നല്‍കാതെ 90 മിനിട്ടുകള്‍ക്കുശേഷമുള്ള അധിക നേരത്തില്‍ 4-1 ന്റെ വിജയവുമായി ക്വാര്‍ട്ടറിലേക്ക് ജയിച്ചു കയറി. ജപ്പാനെ പെനാലിറ്റി ഷൂട്ടിലൂടെ തകര്‍ത്ത ക്രൊയേഷ്യയാണ് ഒന്‍പതാം തീയതി നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിന്റെ എതിരാളികള്‍.
റാസ് അബു അബോദിലെ സ്റ്റേഡിയം 974 ല്‍ കളികാണാന്‍ എത്തിയ ആയിരത്തിലധികം ബ്രസീലിയന്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന മത്സരം തന്നെയായിരുന്നു അവിടെ നടന്നത്. ആദ്യ മിനിട്ടുകളില്‍ ആക്രമണം പുറത്തെടുത്ത ഇരുടീമുകളും കാണികളെ ത്രസിപ്പുന്ന മത്സരവേഗം പുറത്തെടുത്തങ്കിലും ആറാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളിലൂടെ മുന്നിലെത്തുകയായിരുന്നു. റാഫീനിയ നടത്തിയ ഒരു മുന്നേറ്റം റിച്ചാര്‍ലിസനില്‍ എത്തിയെങ്കിലും അതു കൃത്യമായി കണക്റ്റ് ചെയ്യാതെ തട്ടിമാറിയെ പന്തിനെ തന്റെ വരുതിയിലാക്കി ആദ്യ ഗോള്‍ വിനീഷ്യസ് നേടുകയായിരുന്നു. പതിനൊന്നാം മിനിട്ടില്‍ ലഭിച്ച പെനാലിറ്റിയിലൂടെ ഗോള്‍ നേടിയ സൂപ്പര്‍ താരം നെയ്മര്‍ 2-0 ന്റെ ലീഡ് ബ്രസീലിനു നല്‍കി. നെയ്മര്‍ തന്റെ സ്ഥിരം ശൈലിയില്‍ പെനാലിറ്റി ഗോളാക്കിയതോടെ ആരാധകക്കൂട്ടത്തിന്റെ ആവേശം ഇരട്ടിയായി.
വീണ്ടും ഗോളടിച്ച് മത്സരത്തില്‍ അപ്രമാദിത്യ ലീഡ് നേടുകയെന്ന ബ്രസീലിയന്‍ തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് മൈതാനം കണ്ടത്. കൊറിയന്‍ പ്രതിരോധത്തെ വെട്ടിച്ച 29-ാം മിനിട്ടില്‍ റിച്ചാര്‍ലിസന്‍ നേടിയ അത്ഭുത ഗോള്‍ ഈ ലോകകപ്പിലെ മികച്ച ഗോളുകള്‍ക്കൊപ്പം കൂട്ടിചേര്‍ക്കാവുന്നതായിരുന്നു. റിച്ചാര്‍ലിസണ്‍ കൊണ്ടു വന്ന പന്ത് മാര്‍ക്വിനോസ് കൃത്യമായി പായിച്ച് ക്യാപ്റ്റന്‍ തിയാഗോ സില്‍വയ്ക്കു കൊടുത്തു. ആ സമയം കൊറിയന്‍ പ്രതിരോധനിരയെ ഭേദിച്ചു മുന്നിലെത്തിയ റിച്ചാര്‍ലിസനു പന്തു നല്‍കിയ സില്‍വയുടെ നീക്കം തെറ്റിയില്ല, പിന്നെ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊറിയന്‍ വലയിലേക്ക് ഒരു മനോഹര ഗോള്‍ റിച്ചാര്‍ലിന്‍ വക. അച്ചടക്കത്തോടെ കൃത്യമായി പാസ് നല്‍കി കളിച്ച ബ്രസീലിയന്‍ ടീമിന്റെ തന്ത്രത്തിന്റെ വിജയമാണ് അവിടെ കണ്ടത്. അതോടെ ആദ്യ പകുതിയില്‍ 4-0 ന്റെ ലീഡിന്റെ വിശ്വാസത്തോടെ രണ്ടാം പകുതിയില്‍ പന്തു തട്ടാന്‍ ഇറങ്ങിയ ബ്രസീലിനെ ആക്രമിക്കാനുള്ള കൊറിയന്‍ നീക്കങ്ങള്‍ ഒന്നും ഫലം കണ്ടില്ല. എന്നാല്‍ 76-ാം മിനിട്ടില്‍ പൈക് സിയുങ് ഹോയുടെ തീപാറുന്ന ലോങ് ഷോട്ട് ബ്രസീലിയന്‍ ഗോളി അലിസണെയും ഭേദിച്ച് വലയ്ക്കകത്തേക്ക്. തോല്‍വി മുന്നില്‍ കണ്ടെങ്കിലും ഒരു ഗോളെങ്കിലും അടിക്കുകയെന്ന ലക്ഷ്യം മറികകടക്കാന്‍ കൊറിയന്‍ ടീമിനു അതോടെ സാധിച്ചു.
ദക്ഷിണ കൊറിയയുടെ തോല്‍വിയോടെ ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാം ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്താകുന്ന കാഴ്ചയും ഈ മത്സരത്തോടെ ഉണ്ടായി. ഇനി അവശേഷിക്കുന്ന പ്രീക്വാര്‍ട്ടറിലെ അവസാന മത്സരങ്ങളില്‍ മൊറോക്ക സ്‌പെയിനിനെയും, പോര്‍ച്ചുഗല്‍ സ്വിസര്‍ലാണ്ടിനെയും നേരിടും.
Discussion about this post