വിഴിഞ്ഞത്ത് സമരം അവസാനിച്ചു, പൂര്‍ണ്ണമായ തൃപ്തിയില്ലെന്ന് സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായം. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.

Exit mobile version