വിഴിഞ്ഞം സമരം; യോജിച്ചും വിയോജിച്ചും സര്‍ക്കാരും സമരക്കാരും

ലത്തീന്‍ രൂപതയിലെ വൈദികരുടെ സമ്മേളനവും തുടര്‍ന്ന് സമരസമിതിയുടെ യോഗവും നടക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്ന് നിലപാട് അറിയിക്കും. പ്രശ്‌ന പരിഹാരത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. ഇത് പഠിച്ച ശേഷമാവും സമര സമിതി നിലപാട് സ്വീകരിക്കുക. രാവിലെ ലത്തീന്‍ രൂപതയിലെ വൈദികരുടെ സമ്മേളനവും തുടര്‍ന്ന് സമരസമിതിയുടെ യോഗവും നടക്കും.

ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളില്‍ ധാരണയായാല്‍ മന്ത്രിതല സമിതി തീരശോഷണം പഠിക്കാനുളള സമിതിയില്‍ പ്രാദേശിക വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തണമെന്ന സമരസമിതി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സമിതിയെ നിയോഗിച്ചു കഴിഞ്ഞെന്നും പ്രാദേശിക വിദഗ്ധരുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

https://youtu.be/81Kaue2dHaI

വാടക തുക 5500ല്‍നിന്ന് 8000 ആയി ഉയര്‍ത്തണമെന്ന സമരസമിതി ആവശ്യത്തോടും അനുകൂല പ്രതികരണമില്ല. അധികമായി നല്‍കുന്ന 2500 രൂപ അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കാമെന്നാണു നിര്‍ദേശം. ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ മോണിറ്ററിങ് സമിതിയെ വയ്ക്കാമെന്നും സമരസമിതി പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലത്തെ ചര്‍ച്ചയ്ക്കുശേഷം തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി അറിയിച്ചതോടെ സമരസമിതി കൂടിയാലോചനകള്‍ക്ക് ഇന്നു വൈകിട്ടുവരെ സമയം തേടുകയായിരുന്നു. ഏഴ് ആവശ്യങ്ങളില്‍ ആറിലും വ്യക്തമായി ഉറപ്പു ലഭിച്ചാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു പഠനമെന്ന ആവശ്യത്തില്‍നിന്നു സമരസമിതി പിന്മാറുമെന്നാണു സൂചന.

ഇന്നു ചേരുന്ന വൈദികരുടെ യോഗവും സമരസമിതി യോഗവും സമവായ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ക്കു സമരസമിതിയും കൈകൊടുത്താല്‍ മന്ത്രിസഭാ ഉപസമിതി വൈകിട്ട് സമരക്കാരുമായി ചര്‍ച്ച നടത്തും.

Exit mobile version