ഞാനൊരു സ്ത്രീയും സിനിമാ സംവിധായികയുമാണ്. ഈ രാജ്യത്ത് ഒരു കുറ്റവാളിയെ പോലെ പരിഗണിക്കാന്‍ ഈ രണ്ട് കാരണങ്ങള്‍ മതി…. 64-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രീക്ക് – ഫ്രഞ്ച് സംവിധായകന്‍ കോസ്റ്റാ ഗാവ് റാസ് കൈയില്‍ കരുതിയ ഒരു കത്തിലെ രണ്ട് വാചകങ്ങള്‍ വായിച്ചപ്പോള്‍ നിമിഷ നേരത്തേയ്ക്ക് പ്രൗഢ ഗംഭീരമായ വേദിയില്‍ നിശബ്ദത പരന്നു. ഇറാനില്‍ നിന്നും മഹ്നാസ് മുഹമ്മദി അയച്ച ചെറിയ കുറിപ്പിലൂടെ അവര്‍ നേരിട്ട വെല്ലുവിളിയും അനുഭവിച്ച പീഢനങ്ങളും കാന്‍ മേളയിലെത്തിയ ലോകമെമ്പാടും നിന്നുള്ള പ്രതിനിധികളടെ മനസുകളിലേയ്ക്ക് ഒരു നൊമ്പരമായി പടര്‍ന്നു.
ഇറാന്‍ ഭരണകൂടം നിരന്തരമായി വേട്ടയാടിയ സിനിമാ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മഹ്നാസ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടങ്ങള്‍ക്കിടയില്‍ നിരവധി തവണ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ലോകമെമ്പാടും നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജയില്‍ മോചിതയായെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂക്ഷ്മ നിരീക്ഷണ വലയത്തിലായിരുന്നു മഹ്നാസ്. റെയ്ഡ് എന്ന പേരില്‍ പല തവണ വീട്ടിലേയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ സിനിമയുമായി ബന്ധപ്പെട്ടതെല്ലാം കസ്റ്റഡിയിലെടുത്തു. സ്‌ക്രിപ്റ്റും ഉപകരണങ്ങളുമെല്ലാം കൊണ്ടു പോയവര്‍ ചോദ്യം ചെയ്യല്ലെന്ന പേരില്‍ മണിക്കൂറുകളോളം മഹ്നാസിനെ പീഢിപ്പിച്ചു. പാസ്‌പോര്‍ട്ട് കണ്ടുകെട്ടി. സിനിമയെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
തളരാത്ത മെഹ്നാസ് സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുന്ന ഭരണകൂടത്തിനെതിരെയുള്ള തന്റെ ആയുധം സിനിമയാണെന്ന് ഉറപ്പിച്ചു. 2003 ല്‍ മഹ്നാസ് ആദ്യ സിനിമ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ നിയന്ത്രിത ക്യാമ്പില്‍ കഴിയുന്ന വീടില്ലാത്തവരും മൊഴി ചൊല്ലപ്പെട്ടവരുമായ സ്ത്രീകള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു ആദ്യ സിനിമ വിമന്‍ വിത്തൗട്ട് ഷാഡോയുടെ പ്രമേയം. 2008 ല്‍ ടെഹ്‌റാനില്‍ നിന്നും രാജ്യം വിട്ടു പോകുന്നവരുടെ ദൈന്യതയിലേയ്ക്ക് കടന്നു ചെന്ന ട്രാവലോഗ്, 2009 ല്‍ ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം പുറംലോകത്തെ അറിയിക്കാനായി ചെയ്ത വീ ആര്‍ ഹാഫ് ദി ഇറാന്‍ പോപ്പുലേഷന്‍, രണ്ടു മക്കളുടെ അമ്മയായ വിധവ അനുഭവിക്കുന്ന സാമൂഹ്യ പീഢനങ്ങള്‍ പ്രമേയമാക്കിയ സണ്‍ – മദര്‍ തുടങ്ങിയ മഹ്നാസ് മുഹമ്മദിയുടെ ചിത്രങ്ങള്‍ വിവിധ ചലച്ചിത്ര മേളകളില്‍ നിന്നായി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.
തിരച്ചടികളില്‍ പതറാതെ ചലച്ചിത്ര ലോകത്ത് തുടരുന്ന മഹ്നാസ് മുഹമ്മദിക്കാണ് ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സമ്മാനിക്കുന്നത്. ചലച്ചിത്ര മേഖളയില്‍ സ്വന്തം പാത സ്വയം തെളിയിച്ച് മുന്നേറുന്ന മഹ്നാസ് മുഹമ്മദി ലോകമെമ്പാടും സ്വാതന്ത്ര്യത്തിനായി പോരാടുന്ന സ്ത്രീ സമൂഹത്തിന് ആവേശമാണ്. ഇനിയും ഏറെ ചിത്രങ്ങള്‍ സൃഷ്ടിച്ച് ഭരണകൂടത്തിന്റെ അന്യായമായ മനുഷ്യാവകാശ നിയന്ത്രണങ്ങള്‍ക്കെതിരെ പൊരുതുന്ന മഹ്നാസ് മുഹമ്മദിക്കുള്ള മലയാളത്തിന്റെ ആദരം കൂടിയാണ് സ്പിരിറ്റ് ഓഫ് സിനിമാ പുരസ്‌കാരം.