തിരശീലയില്‍ തീ പടര്‍ത്തുന്ന സിനിമാക്കാലം തുടങ്ങുകയാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 27-ാം എഡിഷന് വെള്ളിയാഴ്ച തുടക്കമാകും. 70 രാജ്യങ്ങളില്‍ നിന്നുള്ള 184 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചരിത്രത്തില്‍ ഇടം നേടിയ പഴയകാല ക്ലാസിക്കുകള്‍ മുതല്‍ ഏറ്റവും പുതിയ സിനിമകള്‍ വരെ മേളയ്‌ക്കെത്തുന്നുണ്ട്. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതും വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയതുമായ ചിത്രങ്ങളുമുണ്ട്.
നിരോധനവും ഭീഷണിയുമൊക്കെ വെല്ലുവിളികളോടെ നേരിട്ട് ചിത്രീകരിച്ച സിനിമകളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. യുദ്ധവും ആഭ്യന്തര കലാപവും സാമൂഹ്യ വിപ്ലവങ്ങളുടെ ചരിത്രവും മനുഷ്യമനസുകളെ കലുഷിതമാക്കുന്ന വികാരങ്ങളും യാഥാര്‍ത്ഥ്യങ്ങളുടെ വ്യത്യസ്തമായ വീക്ഷണങ്ങളും പ്രമേയങ്ങളായ ചിത്രങ്ങളാണ് വരുന്ന ദിവസങ്ങളില്‍ തിരശീലയില്‍ നിറയുക. തിയറ്ററുകള്‍ക്ക് പുറത്തെ ചര്‍ച്ചകളിലും സിനിമകളുടെ ഇതിവൃത്തവും നിര്‍മ്മാണത്തിലെ വ്യത്യസ്തയും ചര്‍ച്ചകള്‍ക്ക് ചൂടുപകരും.
അഭയാര്‍ത്ഥികളുടെ ജീവിത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടന്നു ചെല്ലുകയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അവരുട അവരുടെ ജീവിതം പറയുകയും ചെയ്യുന്ന ടോറി ആന്‍ഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ദാര്‍ദന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ഈ സിനിമ ഒരു ആണ്‍ കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയത്തില്‍ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ടവരുടെ അനുഭവങ്ങളാണ് ഇതിവൃത്തം. കാന്‍ മേളയില്‍ മത്സര വിഭാഗത്തില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്ന ടാറി ആന്‍ഡ് ലോകിത കാന്‍ വാര്‍ഷിക പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.
മേളയുടെ പ്രസ്റ്റീജിയസ് വിഭാഗമായ മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ലിജോ ജോസ് പല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, മഹേഷ് നാരായണന്റെ മുന്നറിയിപ്പ് എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യം. സിനിമാ നിര്‍മ്മാണത്തില്‍ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന മണിപ്പൂരി സിനിമയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ ഐഖോഹി യം ( ഔവര്‍ ഹോം ), എക് താര കൂട്ടായ്മയുടെ നാലാമത്തെ ചിത്രമായ ഏക് ജാഹ് അപ്‌നി ( എ പ്ലെയ്‌സ് ഓഫ് ഔവര്‍ ഓണ്‍ ) എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റ് ഇന്ത്യന്‍ സാന്നിദ്ധ്യങ്ങള്‍.
ഇന്ത്യന്‍ സിനിമാ വിഭാഗത്തിലെ ഏഴ് ചിത്രങ്ങളില്‍ രണ്ട് വീതം ബംഗാളി, ഹിന്ദി ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആസാമി, പഞ്ചാബി, ഇംഗ്ലീഷ് സിനിമകളാണ് മറ്റുള്ളവ. മലയാള സിനിമ ടുഡെയില്‍ പന്ത്രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ഫെസ്റ്റിവല്‍ കലേഡിസ്‌കോപിലാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ ( ലാസ്റ്റ് ഫിലിം ) പ്രദര്‍ശിപ്പിക്കുന്നു. 78 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുവര്‍ണ മയൂരം നേടിയ കോസ്റ്റാറിക്കന്‍ ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് പ്രദര്‍ശിപ്പിക്കുന്നു. ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് സംവിധായിക വാലന്റീന മൗറല്‍ അടക്കം 34 വനിതാ സംവിധായകരാണ് ഇത്തവണ മേളയിലെ പ്രധാന സവിശേഷത. മലയാള സിനിമയുടെ നാഴിക കല്ലായി മാറിയ ജി. അരവിന്ദന്റെ തമ്പിന്റെ നവീകരിച്ച പതിപ്പും മേളയില്‍ പ്രദര്‍ശിപ്പിക്കും. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനവുമുണ്ട്.
16 നാണ് മേള സമാപിക്കുന്നത്. ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ലൈഫ് ടൈം അച്ച്വീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബലേ താറിനാണ്. സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് ഇറാനിയന്‍ സംവിധായിക മഹ് നാസ് മുഹമ്മദിക്കാണ്. വിലക്കുകളെ അതീജീവിച്ച ജീവിത ഗന്ധിയായ സിനിമകള്‍ നിര്‍മ്മിച്ച മഹ് നാസിന്റെ ചിത്രവും പ്രദര്‍ശനത്തിനുണ്ട്. വീട്ടുതടങ്കലില്‍ കഴിയവെ അതി സാഹസികമായി സിനിമ നിര്‍മ്മിച്ച ജാഫര്‍ പനാഹിയുടെ പുതിയ ചിത്രം നോ ബിയേഴ്‌സ്, രാജ്യാന്തര സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡ് എന്നിവയും മേളയുടെ ഹൈലൈറ്റാണ്. കാള്‍ ഓഫ് ഗോഡിന്റെ ചിത്രീകരണത്തിനിടയിലാണ് കിം കോവിഡ് ബാധിതനായി മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. അന്തരിച്ച ഫ്രഞ്ച് സംവിധായകന്‍ ഴാങ് ഗോര്‍ദാദ്, ജാപ്പനീസ് സംവിധായകന്‍ മസഹിറോ, മലയാളികളായ ജോണ്‍ പോള്‍, ടി.പി. രാജീവന്‍ എന്നിവര്‍ക്ക് ചലച്ചിത്ര മേള ആദരം അര്‍പ്പിക്കും. ഇവരുടെ പ്രധാന ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
Discussion about this post