ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അന്യഗ്രഹ ജീവികളെ പോലും കണ്ടെത്താന്‍ ശേഷിയുള്ളതെന്ന് അവകാശപ്പെടുന്ന ഈ ദൂരദര്‍ശനി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹത്തായ ശാസ്ത്ര പദ്ധതികളില്‍ ഒന്നാണ്. എസ്‌കെഎ എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന ഈ റേഡിയോ ടെലസ്‌കോപ്പിന്റെ യഥാര്‍ത്ഥ പേര് സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ എന്നാണ്. 2028 -ഓടെ ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ ചെഷയറിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയുടെ ജോഡ്രെല്‍ ബാങ്ക് ഒബ്സര്‍വേറ്ററിയിലാണ് എസ്‌കെഎയുടെ ആസ്ഥാനം.
ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പോലും ഇത് പ്രവര്‍ത്തനക്ഷമം ആകുന്നതോടെ ലഭിക്കും. ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളുടെ ഏറ്റവും കൃത്യമായ പരിശോധനകള്‍ നടത്താനും കൂടാതെ ഭൂമിക്ക് പുറത്തുള്ള അന്യഗ്രഹ ജീവികളെ പോലും അനായാസം കണ്ടെത്താനും ഇതിന് ശേഷിയുണ്ട്. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ മൂലകമായ ഹൈഡ്രജന്റെ മുഴുവന്‍ ചരിത്രവും കണ്ടെത്തുക എന്നതാണ് എസ്‌കെഎയുടെ മഹത്തായ അന്വേഷണങ്ങളിലൊന്ന്. 30 വര്‍ഷത്തെ അധ്വാനത്തിന്റെയും സ്വപ്നത്തിന്റെയും പൂര്‍ത്തീകരണമാണ് ഈ ചരിത്ര നിമിഷം എന്നാണ് സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫ ഫില്‍ ഡയമണ്ട് ഇതേക്കുറിച്ച് പ്രതികരിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.