എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം, പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച പോര്‍ച്ചുഗലിനെതിരേ ഒരു ഗോള്‍ സമനിലയില്‍ ദക്ഷിണ കൊറിയ. ഇതേസമയത്ത് അല്‍ ജനൗബ് സ്‌റ്റേഡിയം, പ്രീക്വാര്‍ട്ടര്‍ ഏതാണ്ട് ഉറപ്പിച്ച് ഘാനയ്‌ക്കെതിരേ ഉറേഗ്വേയുടെ ഏകപക്ഷീയമായ രണ്ടു ഗോള്‍ മുന്നേറ്റം. രണ്ടാം പകുതി അവസാനിച്ച് എന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റ്. കാല്‍പ്പന്തുകളിയുടെ അനിശ്ചിതത്വവും ആവേശവും എന്താണെന്ന് ഒരിക്കല്‍ കൂടി ലോകത്തിനു കാട്ടി തന്നെ നിമിഷം. എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയില്‍ പോര്‍ച്ചുഗല്‍ ബോക്‌സിനു പുറത്തു നിന്ന് മിഡ്ഫീല്‍ഡില്‍ നിന്ന് അളന്നു കുറിച്ച ഒരു പാസ് കൊറിയന്‍ മുന്നേറ്റതാരം ഹീ ചാന്‍ ഹ്വാങ്ങിന്റെ കാലുകളില്‍ നിന്ന് പോര്‍ച്ചുഗല്‍ ഗോളി ഡിയാഗോ കോസ്റ്റയേയും മറികടന്ന് വലയ്ക്കുള്ളിലേക്ക്. ഏതാണ്ട് ഈ നിമിഷം കുറച്ചകലെ അല്‍ ജനൗബ് സ്‌റ്റേഡിയത്തില്‍ പ്രീ ക്വാര്‍ട്ടര്‍ സ്വപ്‌നം കണ്ടു മുന്നേറിയ യുറൂഗ്വേയുടെ മരണമണിയാണ് മുഴങ്ങിയത്. രണ്ടു പോയിന്റും തുല്യമായി ഗോള്‍ ശരാശരിയുമായാണ് കൊറിയയും യുറൂഗ്വേയേയും അവസാന മത്സരത്തിന് ഇറങ്ങിയത്. ഗ്രൂപ്പിലെ ദുര്‍ബലരായ ഘാനയ്‌ക്കെതിരേ വിജയമെന്നത് യുറേഗ്വയ്ക്ക് അനായാസമായിരുന്നെങ്കില്‍ പോര്‍ച്ചുഗലിനെതിരേ കൊറിയയുടെ വിജയം അധികം ആരും പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല, മത്സരത്തിന് ഇറങ്ങുമ്പോള്‍ കൊറിയ ഈ ലോകകപ്പില്‍ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ യുറേഗ്വേ ഇതുവരെ ഗോള്‍ അക്കൗണ്ട് തുറന്നിരുന്നില്ല. മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ ഒരുപക്ഷേ കൊറിയ വിജയിച്ചാല്‍ നേടിയ ഗോളുകളുടെ എണ്ണമാകും നിര്‍ണായകമെന്ന് വ്യക്തവുമായിരുന്നു. ഘാനയോട് രണ്ടു ഗോള്‍ വിജയം നേടിയിട്ടും നാലു ഗോള്‍ നേടിയെന്ന് മുന്‍തൂക്കത്തിലാണ് കൊറിയ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിയത്.
അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍റ്റയിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തിയെങ്കിലും കിം യങ് ഗ്വോണ്‍ 27ാം മിനിറ്റില്‍ ഗോള്‍ മടക്കി കൊറിയയ്ക്ക് പ്രതീക്ഷ നല്‍കി. പ്രീക്വാര്‍ട്ടര്‍ കാണാന്‍ വിജയം തന്നെ അനിവാര്യമെന്ന് തിരിച്ചറിഞ്ഞ് കൊറിയന്‍ താരങ്ങള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിയത് അത്യുജ്ജല ആക്രമണമായിരുന്നു. നഷ്ടപ്പെട്ടാന്‍ ഒന്നുമില്ലാത്തവന്റെ ധൈര്യത്തില്‍ അവര്‍ തുടരെ തുടരെ പോര്‍ച്ചുഗല്‍ ബോക്‌സിലേക്ക് ഇരച്ചുകയറി. പോര്‍ച്ചുഗല്‍ ആകട്ടെ സമയം തള്ളി നീക്കാനായി അവസാന നിമിഷങ്ങളില്‍ തട്ടിയും മുട്ടിയുമുള്ള പ്രതിരോധത്തിലേക്ക് മാറി. കളിക്കാരെല്ലാം പ്രതിരോധത്തിനായി ബോക്‌സിനു സമീപം കൂട്ടംകൂടിയ ആ നിമിഷത്തില്‍ 91ാം മിനിറ്റില്‍ ഏഷ്യന്‍ വസന്തം എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഗോളായി വിരിഞ്ഞു. ഹീ ചാന്‍ ഹ്വാങ്ങിന്റെ ഗോളില്‍ കൊറിയന്‍ ആരാധകരില്‍ ചിലര്‍ ആനന്ദക്കണ്ണീരൊഴുക്കി. പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പ് എച്ചില്‍ നിന്ന് ദക്ഷിണകൊറിയയും അവസാന പതിനാറിലേക്ക്.
യുറൂഗ്വേ ആദ്യ പകുതിയില്‍ ഘാനയ്ക്കെതിരേ യുറഗ്വായ് എതിരില്ലാതെ നേടിയ രണ്ടു ഗോളുകള്‍ക്കാണ് വിജയം കണ്ട. ആറ് മിനിറ്റുകളുടെ ഇടവേളയില്‍ ജ്യോര്‍ജിയന്‍ ഡി അരാസ്‌കെയറ്റ നേടിയ ഇരട്ട ഗോളുകളാണ് യുറഗ്വായെ മുന്നിലെത്തിച്ചത്. 26, 32ാം മിനിറ്റുകളിയാരുന്നു ഗോളുകള്‍. അതേസമയം, ഘാനയ്ക്ക് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ആന്‍ഡ്രെ ആയു നഷ്ടപ്പെടുത്തിയത് ടീമിന് തിരിച്ചടിയായി. പോര്‍ച്ചുഗലിനെതിരേ കൊറിയ വിജയിച്ചത് അറിഞ്ഞ് അവസാന നിമിഷങ്ങളില്‍ ഗോളുകള്‍ക്കായി യുറുഗ്വേ താരങ്ങള്‍ ആഞ്ഞു ശ്രമിച്ചെങ്കിലും ഘാന പ്രതിരോധം ആ നീക്കങ്ങളെല്ലാം നിഷ്പ്രഭമാക്കി. ഒടുകില്‍ ഖത്തര്‍ ലോകക്കപ്പില്‍ നിന്ന് ജര്‍മനിക്കും ബെല്‍ജിയത്തിനും പിന്നാലെ ശക്തരായ യുറുഗ്വേയും പുറത്ത്.
Discussion about this post