തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സമവായ ചര്‍ച്ച. കര്‍ദിനാള്‍ ക്ലിമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ലത്തീന്‍ സഭ നേതാക്കള്‍ ചീഫ് സെക്രട്ടറിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് പല തട്ടില്‍ അനുനയനീക്കങ്ങള്‍ നടക്കുന്നത്. കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ മുന്‍കെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീന്‍ രൂപതയും തമ്മിലെ ചര്‍ച്ചക്ക് കളമൊരുക്കിയത്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സമരസമിതി ജനറല്‍ കണ്‍വീനര്‍ യൂജിന്‍ പെരേരെ എന്നിവര്‍ ചര്‍ച്ചക്കെത്തി. ഇനിയൊരു സംഘര്‍ഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ. അതേസമയം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന തര്‍ക്ക വിഷയത്തില്‍ ധാരണയായിട്ടില്ല. ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരായ കേസും പ്രശ്‌നമാണ്.
തീരത്തെ സംഘര്‍ഷത്തിലും പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടന്‍ പൊലീസ് കടക്കാത്തതും സംഘര്‍ഷം ഒഴിവാക്കാനാണ്. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിര്‍ദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദശം പരിഗണനയിലാണ്. മാറാട് മോഡലില്‍ ഗാന്ധിസ്മാരകനിധിയും ഒത്ത് തീര്‍പ്പിന് ഇറങ്ങുന്നു. ചര്‍ച്ചകള്‍ക്കായി കോര്‍ഗ്രൂപ്പ് ഉണ്ടാക്കി. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ എന്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ടി പി ശ്രീനിവാസന്‍, ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവരാണ് കോര്‍ ഗ്രൂപ്പിലുള്ളത്.