കോട്ടയം : ബിഷപ്പുമാരെ സന്ദര്‍ശിച്ചതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ശശി തരൂര്‍. അവര്‍ ക്ഷണിക്കുന്നു, താന്‍ പോകുന്നു, അത്രമാത്രമെന്നും തരൂര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് തന്റെ സന്ദര്‍ശനങ്ങള്‍ വിവാദമാകുന്നതെന്ന് അറിയില്ലെന്നും തരൂര്‍ വ്യക്തമാക്കി. ഇഷ്ടമുള്ളവര്‍ വരട്ടെ വന്ന് പ്രസംഗം കേള്‍ക്കട്ടെ. പാര്‍ട്ടി അച്ചടക്കം താന്‍ ലംഘിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നുവെന്നും തരൂര്‍ പറഞ്ഞു.
അതേസമയം ശശി തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നാണ് നേതൃത്വം പറയുന്നത്. സാമൂഹിക സംഘടനയായ ബോധി ഗ്രാമിന്റെ പരിപാടിയിലാണ് തരൂര്‍ പങ്കെടുക്കുന്നത്. നാളെയാണ് അടൂരില്‍ പരിപാടി നടക്കുന്നത്. കെപിസിസി പബ്ലിക് പോളിസി വിഭാഗത്തിന്റെ അധ്യക്ഷന്‍ ജെ എസ് അടൂരിന്റെ സംഘടന ആണ് ബോധിഗ്രാം. പരിപാടിയുടെ സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ടങ്കിലും ഡിസിസി പ്രസിഡന്റ് പങ്കെടുക്കില്ല. നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ വിലക്കില്ലെന്നും ഡിസിസി പറഞ്ഞു. ജില്ലാ നേതൃത്വത്തെ അറിയിക്കാതെ ഉള്ള തരൂരിന്റെ സന്ദര്‍ശനത്തില്‍ ഐ ഗ്രൂപ്പിന് എതിര്‍പ്പുണ്ടെങ്കിലും നിലപാട് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ബോധിഗ്രാം രാഷ്ട്രീയ സംഘടന അല്ല എന്നാണ് സംഘാടകരുടെ വിശദീകരണം.