തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ഇതാദ്യമായാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയുന്നത്. പാസഞ്ചര്‍ ലിഫ്റ്റാണ് പണിയുന്നത്. നേരത്തെ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാനുള്ള തീരുമാനം.
കഴിഞ്ഞ ദിവസം, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് കറുത്ത ഇന്നോവ കാര്‍ വാങ്ങാന്‍ 32 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. കണ്ണൂര്‍ തോട്ടടയിലെ ഷോറൂമില്‍ നിന്നും കാര്‍ വാങ്ങാനാണ് ഉത്തരവ്. പരാമവധി 35 ലക്ഷം രൂപ ചെലവഴിച്ച്കാര്‍ വാങ്ങാനായിരുന്നു 17 ന് ഇറക്കിയ ഉത്തരവിലെ തീരുമാനം. ട്രേഡിംഗ് അക്കൗണ്ടില്‍ നിന്ന് ഫണ്ടെടുത്ത് ഇലട്രിക്ക് വാഹനം വാടകക്ക് എടുക്കാമെന്ന നയത്തിന് വിരുദ്ധമായാണ് പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ജയരാജന് വാഹനം വാങ്ങാനുള്ള തീരുമാനം വിവാദമായിരുന്നു. കാലപ്പഴക്കവും ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് പി.ജയരാജന് പുതിയ കാര്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.