തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ ഭാഗമായി കേന്ദ്ര സേന എത്തുന്നതിൽ തനിയ്ക്ക് യോജിപ്പില്ലെന്ന് ശശി തരൂര്‍ എം.പി. വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ദുഃഖമുണ്ടാക്കുന്നു. പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടതില്ലെന്ന നിലപാട് പല തവണ പറഞ്ഞുവെങ്കിലും മത്സ്യത്തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് തരൂര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ വികസന വിരോധികളെന്ന് മുദ്ര കുത്താനാവില്ല. അവര്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചവരാണെന്ന് തരൂര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതു വരെ പദ്ധതിയ്ക്കായി കോടികള്‍ മുടക്കി. അക്കാരണത്താല്‍ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ന്യായമല്ല. മത്സ്യത്തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങളെല്ലാം അംഗീകരിക്കണം. മികച്ച പുനരധിവാസ പാക്കേജും നഷ്ടപരിഹാരവും ഉറപ്പാക്കണം.
വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാഘാതങ്ങളെ കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് തരൂര്‍. ചര്‍ച്ചകളിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെല്ലാം തരൂരിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നവരാണ് ലത്തീന്‍ സഭ.