തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന് തിരുവഞ്ചൂര്‍

ഇതുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയാണ്.

കോട്ടയം: ഈരാറ്റുപേട്ടയില്‍ തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ പരിപാടി അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് കൃത്യമായി പാലിക്കപ്പെടാത്തത് കൊണ്ടാണെന്നും ഒപ്പം വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് തിരുവഞ്ചൂര്‍ അറിയിച്ചിട്ടുള്ളത്.

ശശി തരൂര്‍ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ല. ഡി.സി.സിയുടെ പരാതിയെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെ.പി.സി.സി. വേണ്ടനിലയില്‍ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന നിലപാടിലാണ് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്.

താരിഖ് അന്‍വറിന്റെയും അച്ചടക്ക സമിതിയുടെയും നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ശശി തരൂരിനെതിരെ അച്ചടക്ക സമിതിക്ക് പരാതി നല്‍കും. ഇതുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയാണ്.

Exit mobile version