തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവത്തില്‍ ദുരൂഹത. കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലും നിരവധി പരുക്കുകള്‍ കാണാനുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കൊലപാതക സാധ്യതയടക്കം പൊലീസും പരിശോധിക്കുന്നുണ്ട്.
വാര്‍ഡില്‍ ചികിത്സയിലായിരുന്ന സ്മിതാകുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ചൊവാഴ്ച വൈകിട്ട് 5ന് സ്മിതാകുമാരിയെ ഈ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. പോസ്റ്റുമാര്‍ട്ടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു മുന്‍പ് രണ്ടു തവണ സ്മിതാകുമാരി പേരൂര്‍ക്കടയില്‍ ചികിത്സ തേടിയിട്ടുണ്ട്. മരണകാരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ഫൊറന്‍സിക് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും.