പത്തനംതിട്ട: കെ സുരേന്ദ്രന്റെ ചീട്ടിലാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെങ്കില്‍ ആ ഔദാര്യം തങ്ങള്‍ക്ക് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ നില നില്‍ക്കുന്നത് ജനങ്ങളുടെ ഔദാര്യത്തിലാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സുധാകരന്‍ പറഞ്ഞ വിമോചന സമരത്തിന്റെ കാലമൊക്കെ പോയി. ഇവര്‍ രണ്ടും പറഞ്ഞ കാര്യം ഒന്ന് തന്നെയാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. പി ബി സന്ദീപ്കുമാര്‍ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
ഒരു വികസന പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന നിലപാടാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വിഴിഞ്ഞം തുറമുഖം വേണമെന്നാണ് അന്നും ഇന്നും തങ്ങള്‍ പറഞ്ഞ്. അത് പൊതുമേഖലയില്‍ സ്ഥാപിക്കണമെന്നാണ് സിപിഎം പറഞ്ഞത്. ഇന്ന് എതിര്‍ക്കുന്ന പുരോഹിതര്‍ അന്ന് വേണമെന്നാണ് പറഞ്ഞത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ തുടര്‍ പ്രവര്‍ത്തനമാണ് സര്‍ക്കാരിപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.