ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് വാദം കേട്ടത്. മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പുതുതായി വാദംകേട്ട് തീരുമാനമെടുക്കാനും ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതി തീരുമാനമെടുക്കും വരെ പ്രതികളെ അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഈ അപ്പീലുകളെല്ലാം അനുവദനീയമാണ്. ഹൈക്കോടതി പാസാക്കിയ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവുകള്‍ റദ്ദാക്കുകയും പുനഃപരിശോധനയ്ക്ക് വിടുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും ഹൈക്കോടതിയുടെ സ്വന്തം മെറിറ്റില്‍ വീണ്ടും തീരുമാനിക്കാന്‍ തിരിച്ചയക്കുന്നു. ഈ കോടതി രണ്ട് കക്ഷികളുടെയും മെറിറ്റുകളില്‍ ഒന്നും നിരീക്ഷിച്ചിട്ടില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ആത്യന്തികമായി ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടത് ഹൈക്കോടതിയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഈ ഉത്തരവ് വന്ന് നാലാഴ്ചയ്ക്കുള്ളില്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ഞങ്ങള്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കുന്നതായും ബെഞ്ച് അറിയിച്ചു.
കേരള മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, ഗുജറാത്ത് മുന്‍ എ.ഡി.ജി.പി. ആര്‍ബി ശ്രീകുമാര്‍ എന്നിവരും മറ്റ് മൂന്ന് പേരും കേസിലെ പ്രതികളാണ്. 1994ല്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഐ.എസ്.ആര്‍.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗാദത്ത്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍, മുന്‍ ഡപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസര്‍ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതു ഗുരുതരമായ ആരോപണങ്ങളാണെന്നും സിബിഐ ഉന്നയിച്ചു.
1994ലെ ചാരക്കേസിലെ ഗൂഢാലോചനയുടെ ഭാഗമായി കുറ്റാരോപിതരായ മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലുകളിന്‍മേലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ നവംബര്‍ 28ന് സുപ്രീം കോടതി മാറ്റിവെച്ചിരുന്നു. കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചാല്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ ഡി.ജി.പി. സിബി മാത്യൂസിന് കര്‍ണാടക ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തെ ചോദ്യം ചെയ്ത് നവംബറില്‍ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Discussion about this post