കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ രജിലിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് മുന്‍കൂര്‍ ജാമ്യത്തിനായി രജില്‍ കോടതിയെ സമീപിച്ചേക്കുമെന്നും സൂചന. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നെത്തിയ സംഘം ബാങ്കില്‍ ഇന്നും പരിശോധന നടത്തും. ഇതുവരെ 12 കോടി രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്‍ പൊലീസില്‍ നല്‍കിയ പരാതി. ഇതില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തുന്നുമുണ്ട്.
അതേസമയം രജില്‍ നിരപരാധിയെന്ന് മാതാപിതാക്കള്‍ പറയുന്നു. രജിലിനെ ആരോ കുടുക്കിയതാകാം. രജില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മകന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല.വീടുണ്ടാക്കാനായി ബാങ്കില്‍ നിന്നും ലോണെടുത്തിരുന്നു. മറ്റ് കടബാധ്യതകള്‍ ഒന്നും ഇല്ല. മകനെക്കുറിച്ച് രണ്ട് ദിവസമായി വിവരമൊന്നുമില്ലെന്നും അച്ഛന്‍ രവീന്ദ്രനും അമ്മ ശാന്തയും പറഞ്ഞു.