ദോഹ: ദോഹയിലെ എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ലോകചാംപ്യന്‍മാരായ ഫ്രാന്‍സിനെ ഞെട്ടിച്ച് അട്ടിമറി വിജയവുമായി ടുണീഷ്യ. നാടകീയത നിറഞ്ഞ മത്സരത്തിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരു ഗോളിന് പിന്നിലായ ഫ്രാന്‍സ് ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷം ഗോള്‍ കണ്ടെത്തിയെങ്കിലും കളി പുനരാരംഭിച്ച് നിമിഷങ്ങള്‍ക്കം വീഡിയോ റീപ്ലേയിലൂടെ ഗോള്‍ നേടിയ ഗ്രീന്‍സ്‌മെന്‍ ഓഫ് സൈഡാണെന്ന് റഫറി വിധിച്ചതോടെ ലോകചാംപ്യന്‍മാരെ അട്ടിമറിച്ച അഹങ്കാരത്തോടെ ടൂണീഷ്യ ഖത്തര്‍ ലോകകപ്പിനോട് വിട പറഞ്ഞു. ഗ്രൂപ്പ് ഡിയിലെ രണ്ടു മത്സരങ്ങളും വിജയിച്ച് പ്രീക്വര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സ് ടുണീഷ്യന്‍ ടീമിനെ നിസാരമായി കണ്ടിട്ടെന്നോണം സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ആദ്യ ഇലവനില്‍ ഇടം നല്‍കാതെ ഒമ്പതു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇത്തരമൊരു നീക്കത്തിന് ഫ്രാന്‍സ് നല്‍കേണ്ടി വന്നത് ഏകപക്ഷീയമായ ഒരു ഗോള്‍ പരാജയമായിരുന്നു. മത്സരം പരാജയപ്പെടുമെന്ന് ഉറപ്പായതോടെ എംബാപ്പെ അടക്കം സൂപ്പര്‍ താരങ്ങളെ ഫ്രാന്‍സ് കളത്തിലിറക്കിയെങ്കിലും ഫലം കണ്ടില്ല.
ഗ്രൂപ്പ് ഡിയില്‍ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ ഡെന്‍മാര്‍ക്കിനെ അട്ടിമറിച്ചതോടെയാണ് ടുണീഷ്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. തോറ്റെങ്കിലും ആദ്യ രണ്ടു കളികളില്‍ നേടിയ മികച്ച വിജയങ്ങളുടെ പിന്‍ബലത്തില്‍ ഫ്രാന്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. ഡെന്‍മാര്‍ക്കിനെ വീഴ്ത്തിയ ഓസ്‌ട്രേലിയയ്ക്കും ആറു പോയിന്റുണ്ടെങ്കിലും, ഗോള്‍ശരാശരിയില്‍ പിന്നിലായതോടെ രണ്ടാം സ്ഥാനക്കാരായാണ് അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
58-ാം മിനിറ്റില്‍ പകരക്കാരന്‍ ക്യാപ്റ്റന്‍ വാബി ഖസ്രിയാണ് ടുണീഷ്യയ്ക്കു വേണ്ടി മനോഹരമായ ഗോള്‍ നേടിയത്. ഖത്തര്‍ ലോകകപ്പില്‍ ടുണീഷ്യയുടെ ആദ്യ ഗോള്‍ ആയിരുന്നു ലോകചാംപ്യന്‍മാരെ അട്ടിമറിച്ച ആ ഗോള്‍.
ഗോള്‍രഹിതമായിരുന്ന 59 മിനിറ്റുകള്‍ക്ക് ശേഷം 60-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് ഡെന്‍മാര്‍ക്കിനെ ഓസ്‌ട്രേയില വീഴത്തിയത്. മാത്യു ലെക്കിയുടെ ഒരു മികച്ച ഗോളാണ് ഓസ്‌ട്രേലിയയ്ക്ക് പ്രീ ക്വാര്‍ട്ടറിലേക്കുള്ള വഴി സുഗമമാക്കിയത്. റൈലി മഗ്രിയുടെ പാസ് സ്വീകരിച്ച ലെക്കി ഡെന്‍മാര്‍ക്ക് ഡിഫന്‍ഡര്‍ യോക്കിം മഹ്ലെയെ കബളിപ്പിച്ച് പന്ത് ഡെന്‍മാര്‍ക്ക് വലയിലെത്തിക്കുകയായിരുന്നു. കളിയുടെ 60% സമയത്തും പന്ത് ഡെന്‍മാര്‍ക്ക് കളിക്കാരുടെ പക്കലായിരുന്നെങ്കിലും ഗോള്‍ നേടാനുള്ള അവസരങ്ങളെല്ലാം ലക്ഷ്യം കാണാനാകാതെ വന്നതോടെ ഫിഫ റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് ഖത്തര്‍ ലോകകപ്പിനോട് ബൈ പറഞ്ഞു.