പി ജയരാജന് പുതിയ കാര്‍ വാങ്ങും; 32 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് 3211792 രൂപയാണ് അനുവദിച്ചിരിക്കുന്നത്. പരമാവധി 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവില്‍ പറയുന്നു. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമര്‍ശം ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖാദി ബോര്‍ഡിന്റെ മാര്‍ക്കറ്റിംഗ് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കണ്ണൂര്‍ തോട്ടടയിലെ സ്ഥാപനത്തില്‍ നിന്നാണ് കാര്‍ വാങ്ങുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ വാഹനം വാങ്ങുന്നതിന് ധനവകുപ്പിന്റെ വിലക്ക് നിലനില്‍ക്കെയാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധികാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങരുത് എന്നതുള്‍പ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ധനവകുപ്പ് ഉത്തരവും നിലവിലുണ്ട്. ഇതിന് ശേഷം മന്ത്രമാരായ റോഷി അഗസ്റ്റിന്‍, വിഎന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍, ജിആര്‍ അനില്‍ എന്നിവര്‍ക്കും ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിനും പുതിയ കാറ് വാങ്ങാന്‍ 33 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. അതേസമയം,, പത്ത് വര്‍ഷം പഴക്കമുള്ള വാഹനമാണ് മാറ്റുന്നതെന്നാണ് ഖാദി ബോര്‍ഡിന്റെ വിശദീകരണം.

 

Exit mobile version