കോഴിക്കോട് കോര്‍പറേഷന്‍ ബാങ്ക് അക്കൗണ്ട് തിരിമറി; 2.53 കോടി രൂപയും അക്കൗണ്ടില്‍ തിരിച്ചിട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ ബാങ്ക് അക്കൗണ്ട് തിരിമറിയുമായി ബന്ധപ്പെട്ട സംഭവത്തില്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് പണം കോര്‍പറേഷന് തിരികെ നല്‍കി. 2.53 കോടി രൂപയാണ് കോര്‍പറേഷന്റെ അക്കൗണ്ടില്‍ തിരിച്ചടച്ചത്. ബാങ്ക് മാനേജര്‍ എം പി റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പണം തിരിച്ചടച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജറാണ് റിജില്‍. ഇദ്ദേഹം തന്റെ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്‍പ്പറേഷന്‍ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പ്പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പണമില്ലെന്ന് കണ്ടെത്തിയത്. അന്വേഷിച്ചപ്പോള്‍ ബാങ്കിന്റെ ഭാഗത്തുണ്ടായ പിശകെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു.

പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം, കോര്‍പ്പറേഷന്‍ അധികൃതര്‍ ബാങ്ക് അക്കൗണ്ടിന്റെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് വലിയ തിരിമറി നടന്നത് കണ്ടെത്തിയത്. 2.53 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. സംഭവത്തിന് പിന്നാലെ ബാങ്ക് മാനേജര്‍ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്റ് ചെയ്തിരുന്നു. ബാങ്ക് ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. കോര്‍പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു. ലിങ്ക് റോഡ് ശാഖയിലെ മാനേജരുടെ പരാതിയിലും ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Exit mobile version