വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്നും സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍, വിഷയം പരിശോധിക്കുമെന്നും അറിയിച്ചു.

സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറാണെന്നും സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതം പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്നും അധികാരമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ബില്ലുകള്‍ കൊണ്ടുവരുന്നത് കേഡറുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്. തങ്ങള്‍ പോരാടുന്നു എന്നുള്ള തോന്നല്‍ വരുത്താനാണ് ശ്രമമെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. കണ്ണൂര്‍ വിസി സ്ഥിരം കുറ്റവാളിയാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

കെടിയു വിസി നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാനാകൂ എന്ന് പറഞ്ഞ ഗവര്‍ണര്‍, ബിജെപി നേതാക്കാള്‍ക്കായി ശുപാര്‍ശ ചെയ്തെന്ന ആരോപണത്തിലും മറുപടി നല്‍കി. തനിക്ക് പല പരാതികളും കിട്ടാറുണ്ട്. അത് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തതെന്നും അതില്‍ എന്താണ് തെറ്റെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് അല്ലാതെ മറ്റെവിടേക്കാണ് പരാതി കൈമാറേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

 

Exit mobile version