തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ഉണ്ടായ സമരത്തിലുണ്ടായ അക്രമണത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റൊയെ ഒന്നാം പ്രതിയാക്കി പൊലീസ് വീണ്ടും രണ്ടു കേസെടുത്തു. തുറമുഖ നിര്‍മാണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സമരം നടത്തിയതിനും തുറമുഖ നിര്‍മാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതിനുമാണ് ബിഷപ്പിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ ആര്‍ച്ച് ബിഷപ്പിനെതിരെ 3 കേസുകളായി.
നവംബര്‍ 27ന് നടന്ന സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പിനെതിരെ കേസ് എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ വിഴിഞ്ഞം സ്റ്റേഷന്‍ ആക്രമിച്ചത്. അദാനി പോര്‍ട്ടിന്റെ നിര്‍മാണം പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് തടസ്സപ്പെടുത്തിയതായി വിഴിഞ്ഞം എസ്‌ഐ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.
നിര്‍മാണം തടസ്സപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് പ്രതികള്‍ ആദാനി പോര്‍ട്ടിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറിയത്. പിരിഞ്ഞു പോകണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയെങ്കിലും എഫ്‌ഐആറില്‍ പറയുന്നു. ഈ കേസില്‍ സഹായ മെത്രാന്‍ ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറല്‍ യൂജിന്‍ എച്ച്.പെരേര മൂന്നാം പ്രതിയുമാണ്. ഏഴു പുരോഹിതരെയും സമരത്തില്‍ പങ്കെടുത്തവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
https://youtu.be/hVamAHjZ3Z4