vizhiതിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വിഴിഞ്ഞത്തെ സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു.
സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാധ്യമവാര്‍ത്തകളുണ്ട്. ഇത് സംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ഇത്തരം അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെങ്കില്‍ അത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ അതാണ് അഭികാമ്യമെന്നും സുധാകരന്‍ പറഞ്ഞു.