ഫുട്ബോൾ വെറുമൊരു മത്സരമല്ല, അതിലെ ഓരോ ചലനങ്ങളും വികാരങ്ങളുടെ വേലിയേറ്റമാണ്. ഓരോ ജീവിതമാണ്. അങ്ങനെയൊരു കാഴ്ചയാണ് ബെൽജിയം- മൊറോക്കോ മത്സരശേഷമുണ്ടായത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലോകകപ്പ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയത്തെ 22-ാം സ്ഥാനക്കാരായ മൊറോക്കൻപട അട്ടിമറിച്ചത്. മത്സരശേഷം പ്രതിരോധനിരതാരം അക്രഫ് ഹക്കീമി ഗാലറിയിലേക്ക് ഓടിയടുത്തു.
അവിടെ മൊറോക്കൻ ഫ്ളാഗ് പുതച്ച് ക്ഷീണിച്ച ഒരു സ്ത്രീരൂപം ഇരിക്കുന്നുണ്ടായിരുന്നു. സയീദ മൌ. സ്പെയിനിലെ വലിയ വീടുകളിൽ വേലചെയ്ത് കിട്ടുന്ന പണമൊക്കെ സ്വരൂക്കൂട്ടി മകനെ പന്തുകളിക്കാൻ അയച്ച അമ്മ. പുന്നാരമകന് നല്ല ജീവിതമുണ്ടാകാൻ കണ്ടവരുടെ അടുക്കളയിൽ ജീവിതം ഹോമിച്ച സ്ത്രീ. അക്രഫ് ഹക്കിമിയുടെ അമ്മ.
ഓടിച്ചെന്ന് അമ്മയെ വാരിപ്പുണർന്ന ഹക്കിമിക്ക് സയീദ ഒരു മുത്തം നൽകി. ആയിരം ബാലൻഡി ഓറിനേക്കാൾ വിലയുള്ള പുരസ്കാരം. തിരികെ അമ്മയേ ചേർത്തണച്ച് നെറ്റിയിൽ വിജയ ചുംബനമേകി ഹക്കിമി. അവനെ ഇന്നത്തെ നിലയിലെത്തിച്ചവളോടുള്ള നന്ദിയും കടപ്പാടും നിറഞ്ഞ ചുംബനം. കഴിഞ്ഞില്ല, പെറ്റവയറിനോടുള്ള കടപ്പാട് വീട്ടീ തിർക്കാനാവില്ലെങ്കിലും താനണിഞ്ഞ ജേഴ്സി ഊരി അക്രഫ് അമ്മയ്ക്ക് നൽകി. അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. ഇനിയെന്തു നൽകിയാലമ്മേ, നിന്നോടെനിക്കുള്ള നന്ദി തീരൂ..
ക്രിസ്റ്റ്യോനോയ്ക്കൊപ്പം മെസ്സിക്കൊപ്പവും കളിക്കാൻ ഭാഗ്യം ലഭിച്ച അപൂർവ താരങ്ങളിലൊരാളാണ് അഷ്റഫ് ഹക്കീമി. സ്പാനിഷ് നടി ഹിബ അബൂക്കിനെയാണ് അവൻ ജീവിത പങ്കാളിയാക്കാൻ ഉദ്ദേശിക്കുന്നത്. ഇരുവരും വോഗ് മാസികയുടെ കവർചിത്രമായിരുന്നു. പക്ഷേ, ഇപ്പോഴത്തെപ്പോലെ സമ്പന്നതയുടെ മടിത്തട്ടിലായിരുന്നില്ല അക്രഫ് ഹക്കിമിയുടെ ജീവിതം.
തെരുവുകച്ചവടക്കാരനായിരുന്നു അച്ഛനെയും വീട്ടുജോലിക്കാരിയായ അമ്മയുടേയും മകൻ എന്നതായിരുന്നു അവന്റെ വിലാസം. ഇപ്പോഴും എന്ഫെ വിലാസം അതു തന്നെയാണ്. തെരുവു കച്ചവടക്കാരന്റെയുംവീട്ടുജോലിക്കാരിയുടേയും മകൻ. അവർ എനിക്കുവേണ്ടി സ്വയം ബലിയർപ്പിച്ചു. എനിക്ക് വിജയിക്കാനായി അവർ എന്റെ സഹോദരങ്ങൾക്ക് പലതും നഷ്‌ടപ്പെടുത്തി. ഇന്ന് ഞാൻ അവർക്കു വേണ്ടിയാണ് ജീവിതത്തോട് പോരാടുന്നത്. അച്‌റഫ് ഹക്കിമി പറഞ്ഞു.
മാഡ്രിഡിൽ ജനിച്ച് സ്‌പെയിനു വേണ്ടി കളിക്കാമായിരുന്ന ഹക്കിമി മൊറോക്കോയിലേക്ക് തിരിഞ്ഞത് അവന്റെ മാതാപിതാക്കൾ കാരണമാണ്. കാരണം ഏഴുവയസുള്ളപ്പോൾ അവനെ ഫുട്ബോളിലേക്ക് കൈപിടിച്ച് ഉയർത്തിയത് സ്പാനിഷ് ക്ളബായ റയൽ മാഡ്രിഡാണ്. താമസിയാതെ അവർ ഹക്കീമിയുമായി കരാറിലേർപ്പെട്ടു. അതോടെ ജീവിതം പച്ച പിടിച്ചു. പക്ഷേ, മകന് ഫുട്ബോളിലൂടെ നല്ല വരുമാനം കൊണ്ടുവന്നിട്ടും അവന്രെ മാതാപിതാക്കൾ അവരുടെ ജോലി വിട്ടില്ല.
അതുകൊണ്ട് തന്നെയാണ് അവനിപ്പോഴും അവരെ നെഞ്ചോട് ചേർത്തണയ്ക്കുന്നതും. തായ്വേരിൽ കാലുറപ്പിച്ച നിന്ന് ആകാശത്തോളം വളരുകയെന്നത് ഒരു വ്യക്തിജീവിതത്തിലെ നിലപാട് കൂടിയാണ്. അതുകൊണ്ടാവണം അഷ്റഫ് ഹക്കീമിയുടെ മാതൃസേഹം നമ്മുടെ ഹൃദയങ്ങളെ ആർദ്രമാക്കിയതും.
Discussion about this post