യുഎഇ ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരികളുടെ ഉത്തരവ്

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരികളുടെ ഉത്തരവ്. ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കേസുകളില്‍പ്പെട്ട തടവുകാരെയാണ് വിട്ടയ്ക്കുക.

മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാധ്യതകള്‍ തീര്‍ക്കാനും അദ്ദേഹം ഉത്തരവിട്ടു. മോചനം ലഭിക്കുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും തങ്ങളുടെ ഭാവിയെ കുറിച്ച് വീണ്ടും ചിന്തിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭാവനകള്‍ നല്‍കാനും അവസരം കൊടുക്കാനാണ് ഈ തീരുമാനം. അതേസമയം ദേശീയ ദിനം പ്രമാണിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റിലെ 333 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ടു.

 

Exit mobile version