വിഴിഞ്ഞം സെമിനാർ; ധനമന്ത്രി ഉത്ഘാടനം ചെയ്തു.

തിരുവനന്തപുരം: വിഴിഞ്ഞം സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് തൊണ്ടവേദനയുള്ളതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇവിടെയെത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടായി എന്നും വിശദീകരിച്ച അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുകയാണെന്നും കൂട്ടിച്ചേർത്തു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്ന് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും ധനമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും എന്നാൽ സ്പർദ്ധ ഉണ്ടാകരുതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ചുണ്ടിനും കപ്പിനും ഇടയിൽ കാര്യങ്ങൾ എത്തി നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് എന്നായിരുന്നു ധനമന്ത്രിയുടെ ചോദ്യം. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത അറിയിക്കുന്നതിനായി വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ എൻ ബാലഗോപാൽ. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ധനമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് എംപി ശശി തരൂരും പരിപാടിയിൽ പങ്കെടുത്തില്ല. തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കി.

https://youtu.be/VoaZ9_aVFPw

Exit mobile version