തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. എല്ലാ ജില്ലകളിലും പൊലീസിനെ വിന്യാസിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അവധിയിലുള്ള പൊലീസുകാര്‍ തിരിച്ചെത്തണം എന്നും നിര്‍ദ്ദേശമുണ്ട്.
തീരദേശ സ്റ്റേഷനുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുഴുവന്‍ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങള്‍ നിരിക്ഷിക്കണം എന്നാണ് എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം. അതേസമയം, വിഴിഞ്ഞത്ത് ശക്തമായ പൊലീസ് സുരക്ഷ തുടരുകയാണ്.
അതിനിടെ, വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി ഡി.ഐ.ജി ആര്‍ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം.ഇവര്‍ ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും നടത്തും. ഡി.സി.പി അജിത്കുമാര്‍, കെ ഇ ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.
https://youtu.be/2oGAC8QFVCw