സര്‍പ്പ ആപ്പിനെതിരെ വ്യാപക പരാതി; പാമ്പിനെ പിടിക്കുന്നവരില്‍ ക്രിമിനലുകളും

ലൈസന്‍സ് നല്‍കുമ്പോള്‍ സൂക്ഷ്മ പരിശോധന നടത്തണമെന്നാണ് ആവശ്യം

കണ്ണൂര്‍: ജനവാസ മേഖലയിലിറങ്ങുന്ന പാമ്പുകളെ പിടിച്ച് സുരക്ഷിതമായി കാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ സര്‍പ്പ ആപ്പിനെതിരെ വ്യാപക പരാതികള്‍ ഉയരുന്നു.ക്രിമിനല്‍ കേസുകളില്‍ പെട്ട കുറേ പേര്‍ പാമ്പ് പിടിക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുമ്പോള്‍ പാശ്ചാത്തലം പരിശോധിക്കുന്നില്ലെന്നുമാണ് ഉയരുന്ന പരാതി.

https://youtu.be/VoaZ9_aVFPw

കണ്ണൂര്‍ ജില്ലിയിലെ പാമ്പുപിടുത്തക്കാരുടെ ലിസ്റ്റില്‍ പാമ്പിന്‍ വിഷം കൈവശം വച്ചതിന് അറസ്റ്റിലായ ഒരാഴുമുണ്ട്. പാമ്പിനെ കണ്ടെത്തിയാല്‍ ജി പി എസ് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പിലേക്ക് ആ വിവരം നല്‍കാം. സംസ്ഥാനത്ത് മൊത്തം 900ത്തില്‍ അധികം റെസ്‌ക്യൂവര്‍മാരാണ് ആപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. റെസ്‌ക്യൂവര്‍മാര്‍ ക്രിമിനല്‍ പാശ്ചാത്തലം ഉള്ളവരോ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ ആവരുതെന്നാണ് ചട്ടം. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ആകെയുള്ള 43 റെസ്‌ക്യൂവര്‍മാരില്‍ 3 പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ഇതില്‍ പാമ്പിന്‍ വിഷം കൈവശം വച്ചതിന് നിലവില്‍ കേസില്‍പെട്ടയാളും ഉള്‍പ്പെടുന്നു. അപകടത്തില്‍ പെട്ട കാട്ടുപന്നിയുടെ മാംസം ഭക്ഷണത്തിനായി എടുത്ത ഫോറസ്റ്റ് വാച്ചര്‍ കൂടിയായ മറ്റൊരാള്‍ ജാമ്യത്തിലിറങ്ങി നിലവില്‍ റെസ്‌ക്യുവറായി പ്രവര്‍ത്തിക്കുന്നുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശമിച്ച കേസില്‍ ശിക്ഷിച്ചയാളാണ് മറ്റൊരു റെസ്‌ക്യുവര്‍.പിടിക്കുന്ന പാമ്പിനെ കൃത്യമായി കാട്ടില്‍ വിടാതെ വിഷം ശേഖരിച്ച് വില്‍പന നടത്തുന്ന ചിലരും റെസ്‌ക്യൂവര്‍മാരുടെ കൂട്ടത്തിലുണ്ടെന്ന് ആരോപണമുണ്ട്. ലൈസന്‍സ് നല്‍കുമ്പോള്‍ സൂക്ഷ്മ പരിശോധന നടത്തണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. നിലവില്‍ ക്രിമിനല്‍ കേസുകളില്‍ പെട്ടവരെ അടിയന്തിരമായി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Exit mobile version