കത്തിക്കയറി ഘാന; കരുത്തു കാട്ടി കണ്ണീരണിഞ്ഞ് കൊറിയ

പോര്‍ച്ചുഗലിന് ഒപ്പം പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്ന ടീമായി മാറാനുള്ള വലിയ സാധ്യതയാണ് ഘാന സ്വന്തമാക്കിയത്

ദോഹ: ഖത്തര്‍ ലോകകപ്പിലെ മനോഹര മത്സരങ്ങളില്‍ ഒന്ന്, ദോഹയിലെ എജുക്കേഷന്‍ മൈതാനത്തെ കൊറിയ-ഘാന മത്സരത്തെ അങ്ങനെ മാത്രം വിശേഷിക്കാം. ഫിഫ റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരമെന്ന് കരുതിയവരെ പോലും അമ്പരിപ്പിക്കുന്ന കളി മികവിന്റെ മന്ത്രികതയായിരുന്നു ഗ്രൂപ്പ് എച്ചിലെ ഘാന-കൊറിയ മത്സരം. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍, നേടാന്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ സാധ്യത ഇതായിരുന്നു ഇരുടീമുകളുടേയും പോരാളികളുടെ മനസില്‍. അടി, തിരിച്ചടി എന്നതിനപ്പുറം, പന്തുകളിയുടെ ആവേശം ആരാധകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും സമ്മാനിച്ച മത്സരത്തില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാന അവസാനം വരെ പോരാടിയ കൊറിയന്‍ പോരാളികളെ കണ്ണീരിലാഴ്ത്തി രണ്ടിനെതിരേ മൂന്നു ഗോളിന് വിജയം കണ്ടു. ഇതോടെ, ഗ്രൂപ്പ് എച്ചില്‍ നിന്ന് പോര്‍ച്ചുഗലിന് ഒപ്പം പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്ന ടീമായി മാറാനുള്ള വലിയ സാധ്യതയാണ് ഘാന സ്വന്തമാക്കിയത്. യുറുഗ്വേ മൂന്നു ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമാകും ഘാനയുടെ സാധ്യതകള്‍ അടയുക.

രണ്ടുഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു കൊറിയന്‍ പോരാളികള്‍ അത്യുജ്ജ്വലമായി മത്സരത്തില്‍ തിരിച്ചുവന്നത്. മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ഖുദുസ് നേടിയ ഇരട്ട ഗോളുകളാണ് ഘാനക്ക് വിലപ്പെട്ട മൂന്നു പോയിന്റുകള്‍ നല്‍കിയത്. മത്സരത്തില്‍ തുടക്കത്തില്‍ കൊറിയയുടെ ആക്രമണമാണ് നടന്നതെങ്കില്‍ ആദ്യ ഗോള്‍ ഘാനയില്‍ നിന്നായിരുന്നു. 23ാം മിനിറ്റില്‍ പ്രതിരോധ താരം മുഹമ്മദ് സലിസുവിന്റെ വകയായിരുന്നു ഗോള്‍. 34ാം മിനിറ്റില്‍ ഘാനയെ ഇരട്ടി ആഹ്ലാദത്തിലാക്കി രണ്ടാം ഗോളെത്തി. ജോര്‍ഡന്‍ അയൂ കൊറിയന്‍ ഗോള്‍മുഖത്തേക്ക് കൊടുത്ത ഉജ്ജ്വല ക്രോസിന് കൃത്യസമയത്ത് ചാടിയുയര്‍ന്ന മുഹമ്മദ് ഖുദുസിന്റെ ഹെഡര്‍ കൊറിയന്‍ ഗോളിയേയും മറികടന്ന് ലക്ഷ്യം കണ്ടു.

പിന്നീട് കളിക്കളം കണ്ടത് കൊറിയന്‍ പടയോട്ടം ആയിരുന്നു. തുടരെ തുടരെ ഘാന പോസ്റ്റിലേക്ക് കൊറിയന്‍ സംഘം കുതിച്ചുകയറി. ഒടുവില്‍ ആക്രമണം ഫലം കണ്ടു, രണ്ടാം പകുതിയുടെ 56ാം മിനിറ്റില്‍ കോം ചാങ് ഹൂന് പകരക്കാരനായി ലീ കാങ്ങിനെ കൊറിയന്‍ കോച്ച് പൗളോ ബെന്റോ ഗ്രൗണ്ടിലറിക്കി. കോച്ചിന്റെ പ്രതീക്ഷ ലീ കാങ് കാത്തു. 58ാം മിനിറ്റില്‍ ലീ കാങ് കൊടുത്ത പന്ത് ഗ്യാ സുങ് തലകൊണ്ട് വലയിലേക്ക് തൊടുത്തപ്പോള്‍ നോക്കി നില്‍ക്കാനേ ഘാന ഗോള്‍ കീപ്പര്‍ ലോറന്‍സിനായുള്ളൂ. ഗോളിന്റെ ആവേശത്തില്‍ ആക്രമണത്തിന്റെ വീര്യം കൂട്ടിയ കൊറിയ മൂന്നുമിനിറ്റിന് ശേഷം വീണ്ടും ഘാനയെ ഞെട്ടിച്ചു. ടച്ച് ലൈനിന് തൊട്ടുടത്ത് നിന്നും ജിന്‍ സൂ ഉയര്‍ത്തി നല്‍കിയ പന്തിനെ ഉജ്ജ്വലമായി ഹെഡര്‍ ചെയ്ത ഗ്യാ സുങ് കൊറിയാന്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. 2-2 സമനിലയ്ക്കു ശേഷം കൊറിയന്‍ പ്രതിരോധത്തിന് പറ്റിയ ചെറിയൊരു പിഴവ് ഘാന മുതലെടുത്തു. കൊറിയന്‍ ഗോള്‍മുഖത്തേക്ക് ഇടതുഭാഗത്തുനിന്നും ലഭിച്ച പാസ് ഇനാകി വില്യംസ് ഷൂട്ട് ചെയ്യാനാകാതെ വരുത്തിയ പിഴവ് പക്ഷേ ഘാനയ്ക്ക് ഭാഗ്യമായി. തക്കം പാര്‍ത്തുനിന്ന ഖുദുസ് അനായാസം വലയിലേക്ക് തിരിച്ചുവിട്ടതോടെ കൊറിയയ്‌ക്കെതിരേ രണ്ടിനെതിരേ മൂന്നു ഗോള്‍ വിജയം ഘാന സ്വന്തമാക്കി.

Exit mobile version