തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സര്‍വേക്കായി നിയോഗിച്ച റവന്യു വകുപ്പ് ജീവനക്കാരെ തിരികെവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. താല്‍ക്കാലികമായാണ് ഇവരെ തിരികെ വിളിച്ചിരിക്കുന്നത്. റെയില്‍വേ ബോര്‍ഡ് പദ്ധതി അംഗീകരിച്ചശേഷം സര്‍വേ തുടരാമെന്ന് റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.
ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും കേരളാ റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എംഡിക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. വിവിധ യൂണിറ്റുകളില്‍ നിയോഗിച്ചിരിക്കുന്ന ജീവനക്കാരെ അടിയന്തരമായി പിന്‍വലിക്കണമെന്നും ഇവരെ മറ്റ് പദ്ധതികളിലേക്ക് നിയോഗിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറു മാസമായി പദ്ധതി മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് നടപടി. 11 ജില്ലകളിലായി 205 റവന്യൂ ജീവനക്കാരെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിയോഗിച്ചിരുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്‍പായി സില്‍വര്‍ലൈനായി കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. അതേസമയം, കെറെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫിസ് വ്യക്തമാക്കി.
Discussion about this post