നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് നല്‍കുവാനുളള സര്‍ക്കാര്‍ നിർദ്ദേശം കോർപ്പറേഷൻ അവഗണിച്ചു

നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് കോര്‍പറേഷന്‍ ഭരണസമിതി

തിരുവനന്തപുരം: കത്ത് വിവാദത്തിന് പിന്നാലെ കോര്‍പറേഷനു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിലെ 295 താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു വിടാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിനു പുല്ലുവില കല്‍പിച്ച് കോര്‍പറേഷന്‍ ഭരണസമിതി. ഒഴിവുകള്‍ ഇതുവരെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു നല്‍കിയിട്ടില്ലെന്നു് മാത്രമല്ല, കരാര്‍ അടിസ്ഥാനത്തില്‍ നടത്താനിരുന്ന വിവാദ നിയമനത്തിന്റെ തുടര്‍ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു.

21 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടക്കാതെ പോയത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ നിയമിക്കുന്നതിനു പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്കു നല്‍കിയ കത്ത് പുറത്തു വന്നതിനു പിന്നാലെ ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു റിപ്പോര്‍ട്ട് ചെയ്യാന്‍ തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിര്‍ദേശിച്ചു.

https://youtu.be/NsWnujQf4fk

ഇതു കേള്‍ക്കാതെയാണ് കോര്‍പറേഷന്‍ വീണ്ടും നിയമനനടപടികളുമായി മുന്നോട്ടു വന്നത്.ജനകീയാസൂത്രണ വിഭാഗത്തില്‍ നിന്ന് കഴിഞ്ഞ 31ന് വിജ്ഞാപനം ഇറക്കി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 16 ആയിരുന്നു. ഇതിനിടെയാണ് കത്തു വിവാദമുണ്ടായത്. എന്നിട്ടും 21ന് നടത്താന്‍ നിശ്ചയിച്ച അഭിമുഖം മാറ്റിവച്ചില്ല. അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. കോര്‍പറേഷനിലെ നിയമന ലോബി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം കൈപ്പറ്റിയതാണ് ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കത്തു നല്‍കാത്തതിനു കാരണമെന്നാണ് പ്രതിപക്ഷ ആരോപിച്ചത്.

അതേസമയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നു നിയമനം നടത്തുന്നതിന് ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും അതു നീക്കുന്നതിനായി ഡയറക്ടര്‍ക്കു കത്ത് നല്‍കിയിട്ടുണ്ടെന്നും കോര്‍പറേഷന്‍ ഓഫീസ് അറിയിച്ചു.

Exit mobile version