കൊച്ചി: മലയാളത്തിലെ പുതുമുഖ നടന്മാരില് ആരാധകര്‍ ഏറെയുള്ള താരങ്ങളില്‍ ഒരാളാണ് രാജേഷ് മാധവന്. ‘ന്നാ താന്‍ കേസ് കൊട് ‘എന്ന ചിത്രത്തിലെ പ്രകടനത്തോടെ ആരാധകരുടെ പ്രിയം കൂടിയിരുന്നു. അതിന് പിന്നാലെ രാജേഷ് മാധവന് ആദ്യമായി സംവിധായകനാകുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോളിതാ ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന പ്രഖ്യാപനം നടത്തി രാജേഷ് മാധവന് തന്നെ രംഗത്തെത്തിയിരിക്കുയാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററടക്കം പുറത്തുവിട്ട രാജേഷ് ചിത്രീകരണം ഉടന്‍ തുടങ്ങും എന്നും അറിയിച്ചിട്ടുണ്ട്. ‘പെണ്ണും പൊറാട്ടും’ എന്നാണ് ചിത്രത്തിന്റെ പേര്. എസ് ടി കെ ഫ്രെയ്ംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുക. എല്ലാരും കൂടെ ഉണ്ടാവണമെന്നും നടന്നു വന്ന വഴികള്‍ക്കു നന്ദിയെന്നും ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് ആദ്യ ചിത്രത്തിന്റെ വിവരങ്ങള്‍ രാജേഷ് മാധവന് പുറത്തുവിട്ടത്. കോമഡി ഡ്രാമ എന്റര്‍ടെയിനറാകും ചിത്രമെന്ന ഉറപ്പും സംവിധായകന് നല്‍കിയിട്ടുണ്ട്.