ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയത്തെ അട്ടിമറിച്ച മൊറോക്കൊയെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരിയും കിരീടാവകാശിയും. അറബ് ലോകത്തിന്റെ ആനന്ദവും അഭിമാനവുമെന്നാണ് ബെല്‍ജിയത്തിനെതിരെയുള്ള ജയത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിശേഷിപ്പിച്ചത്. വീരോചിതമായ പ്രകടനമെന്നാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും മൊറോക്കോയുടെ കളിയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. 1998ല്‍ സ്‌കോട്ലാന്‍ഡിനെ പരാജയപ്പെടുത്തിയശേഷം ലോകകപ്പിലെ മൊറോക്കെയുടെ ആദ്യ ജയമാണ് അല്‍ തുമാമാ സ്റ്റേഡിയത്തിലേത്.
എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മൊറോക്കോയുടെ ജയം. 73ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. സബിറി ഫ്രികിക്കിലൂടെയാണ് ഗോള്‍ നേടിയത്. ഇടത് വിംഗില്‍ നിന്ന് സബിറി തൊടുത്ത ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോര്‍ത്വോയെ കബളിപ്പിച്ച് വലയിലേക്ക് കയറി. ഇത്തവണ വാറില്‍ ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോള്‍ തിരിച്ചടിക്കാന്‍ ബെല്‍ജിയം കിണഞ്ഞ് ശ്രമിച്ചു. ഇതിനിടെ രണ്ടാമത്തെ ഗോളും ബെല്‍ജിയം വലയിലെത്തി. സിയെച്ചിന്റെ പാസില്‍ അബൗഖല്‍ അനായാസം പന്ത് വലയിലെത്തിച്ചു. മോറോക്കോയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ്.