തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ഏഴുദിവസത്തേക്ക് നിരോധിച്ചു. മദ്യശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതി. ഗൂഢാലോചന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും സഹായ മെത്രാന് ആര് ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്.
Discussion about this post