തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ ഒന്‍പത് കേസുകള്‍ എടുത്തു. മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികരെ പ്രതി ചേര്‍ത്ത് വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസ് എടുത്തു.
ലഭിക്കുന്ന പരാതികള്‍ അനുസരിച്ചാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.അതിജീവന സമരത്തെ പ്രകോപിപ്പിച്ചതാണ് സംഘര്‍ഷത്തിനു കാരണമെന്ന് യൂജിന്‍ പെരേര പറഞ്ഞു. ഒരു വിഭാഗം കല്ലെറിയാനും അധിക്ഷേപിക്കാനും തയാറായെന്നും അവര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിന് തയാറാണെന്നും എന്നാല്‍ രേഖമൂലമുള്ള ഉറപ്പുവേണമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം കയ്യാങ്കളിയിലും കല്ലേറിലുമെത്തിയിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളില്‍ നിര്‍മാണത്തിനുള്ള പാറക്കല്ലുകള്‍ എത്തിയതോടെയാണു സംഘര്‍ഷത്തിനു തുടക്കമായത്. സംഘര്‍ഷത്തില്‍ തുറമുഖ വിരുദ്ധ സമരസമിതിയിലെ 16 പേര്‍ക്കും അനുകൂല സമര സമിതിയിലെ 4 പേര്‍ക്കും പരുക്കേറ്റിരുന്നു.
https://youtu.be/BDyFjPam3Vk
Discussion about this post